ഗുരുവായൂർ: ‘എനിക്ക് അന്നമാണ് കണ്ണൻ. ഈ പുതുവർഷദിനം മുതൽ ഇനിയും കണ്ണന്റെ പേരിൽ അറിയപ്പെടാനാണ് ആഗ്രഹം’- നാലുമാസം കൊണ്ട് 101 വെണ്ണക്കണ്ണൻമാരുടെ ചിത്രങ്ങൾ വരച്ച് കണ്ണന് സമർപ്പിച്ചുകൊണ്ട് ജസ്ന പറഞ്ഞു. കൊയിലാണ്ടി പുളിയരിക്കുന്നത്ത് മജീദിന്റെ മകളാണ് ജസ്ന സലീം. ഇടയ്ക്കിടെ കൃഷ്ണചിത്രങ്ങൾ വരച്ച് ഗുരുവായൂരിൽ സമർപ്പിക്കാറുണ്ട്. കണ്ണന്റെ വിവിധ ഭാവങ്ങളിലുള്ള 101 ചിത്രങ്ങൾ വരച്ച് സമർപ്പിക്കണമെന്ന ജസ്നയുടെ മോഹമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും ചേർന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി. ഗോകുലം ഗോപാലനും പങ്കെടുത്തു. അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റുപയോഗിച്ചാണ് ചിത്രങ്ങൾ തീർത്തിട്ടുള്ളത്.