എരുമപ്പെട്ടി: പാഴിയോട്ട്മുറി കുടക്കുഴി നരസിംഹസ്വാമി ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണത്തിനായി ഒരു സംഘം ഒരുമിച്ച് കൂടിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന നേതാവടക്കം നാല് പേർ അറസ്റ്റിൽ. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഇ.ചന്ദ്രൻ, തെക്കേടത്ത് മന നാരായണൻ, കിഴക്കേപുരയ്ക്കൽ ഗോപി, താഴത്തേപുരയ്ക്കൽ സുധൻ എന്നിവരേയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പൂജാരി ഉൾപ്പടെ അഞ്ച് പേരാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. രണ്ട് പേർ ഓടിപോയതായി പോലീസ് പറയുന്നു. പൂജാരി രാമൻ, കണ്ടാലറിയാവുന്ന രണ്ട് പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.