കുന്നംകുളം: അബദ്ധത്തിൽ കിണറ്റിൽ വീണ 21കാരിയെ കുന്നംകുളം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ചൊവ്വന്നൂർ പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന ബാല ഷണ്മുഖത്തിന്റെ മകൾ സ്വാതിയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കിണറിന്റെ ഉയരം കുറവുള്ള കൈവരിക്കു സമീപം നിൽക്കുകയായിരുന്ന പെൺകുട്ടി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. പെൺകുട്ടിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ തൂങ്ങിയാണ് ഫയർഫോഴ്സ് വരുന്നത് വരെ നിന്നിരുന്നത്.
തുടർന്ന് അഗ്നിരക്ഷസേനയത്തിയാണ് പെൺകുട്ടിയെ കരക്ക് കയറ്റിയത്. അഗ്നിരക്ഷസേനാ ഉദ്യോഗസ്ഥനായ പവിത്രനാണ് കിണറ്റിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ ബി വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ദിലീപ്കുമാർ, ഓഫീസർമാരായ രഞ്ജിത്ത്, നിധിൻ എന്നിവരടങ്ങുന്ന അഗ്നി രക്ഷ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.