കൈപ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട സ്വദേശി പന്തലാംകുളം അബ്ദുൽ ഖാദർ മകൻ മുഹമ്മദ് അഷ്റഫ് (58), ഭാര്യ താഹിറ (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നുപീടിക എച്ച്.ഡി.എഫ്.സി ബാങ്കിന് മുൻപിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.