ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടികയിൽ കടുത്ത എതിർപ്പാണ് ഒരു വിഭാഗം മന്ത്രിമാർ പ്രകടിപ്പിച്ചത്. മതിയായ കൂടിയാലോചനയില്ലാതെയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നാണ് ഒരു വിഭാഗം മന്ത്രിമാരുടെ ആരോപണം. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരാണ് അംഗങ്ങളെ നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന പട്ടിക ഹിന്ദു മന്ത്രിമാർ അംഗീകരിക്കുന്നതാണ് രീതി. മുഖ്യമന്ത്രിയടക്കം ഒൻപത് പേരാണ് ഹിന്ദുവിഭാഗത്തിലുള്ളത്. ഇവരിൽ കെ.എ. തുളസി മാത്രമാണ് ഒപ്പിട്ടത്. മറ്റ് മന്ത്രിമാർ ഫയൽ പിടിച്ചുവെച്ചിരിക്കുകയാണെന്ന വിവരം തുളസി അറിയുന്നത് അതിനുശേഷവും. രണ്ടംഗങ്ങൾ പൊതുവിഭാഗത്തിൽനിന്നും ഒരാൾ ജീവനക്കാരുടെ പ്രതിനിധിയായുമാണ് വരേണ്ടത്.
സി.വി ബാലചന്ദ്രൻ, ശിവൻ പാലിയത്ത്, അഭിലാഷ് എന്നീ മൂന്ന് പേരുകളാണ് പട്ടികയിലുള്ളത്. അഭിലാഷ് ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയാണ്. മറ്റു രണ്ടുപേരും കോൺഗ്രസ് പ്രതിനിധികളാണ്. പാലക്കാട് ഡിസിസി മുൻ അധ്യക്ഷനാണ് സി.വി ബാലചന്ദ്രൻ. ഈ പേരുകൾ സംബന്ധിച്ച് പാർട്ടിയിലോ, മന്ത്രിമാരുമായോ ചർച്ച നടത്തിയില്ലെന്നതാണ് പരാതി. പൊതുവിഭാഗത്തിൽനിന്നുള്ള രണ്ടുപേരും നായർ സമുദായത്തിൽ നിന്നുള്ളവരാണ്. ജീവനക്കാരുടെ പ്രതിനിധി ഈഴവവിഭാഗത്തിൽനിന്നും. പൊതുവിഭാഗത്തിൽനിന്നുതന്നെ ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവും ചില മന്ത്രിമാർ ഉന്നയിച്ചു. പിണറായി സർക്കാരിന്റെ അവസാനകാലത്ത് ചെയർമാനടക്കം രണ്ടുപേരെ നിയമിച്ചിരുന്നു. കോൺഗ്രസിൽനിന്ന് ചേരിമാറിയെത്തിയ എ.വി. ഗോപിനാഥാണ് ഇപ്പോൾ ചെയർമാൻ. ഇവർക്ക് ഒരു വർഷത്തിലേറെ കാലാവധിയുണ്ട്.
