Friday, October 23, 2026

നുണ പ്രചരിപ്പിച്ച് ചാവക്കാട് നഗരസഭയിൽ യു.ഡി.എഫ് വികസനം മുടക്കുന്നു’ – എ.എച്ച് അക്ബർ

ചാവക്കാട്: നുണ പ്രചരിപ്പിച്ച് ചാവക്കാട് നഗരസഭയിലെ വികസനം യു.ഡി.എഫ് മുടക്കുകയാണെന്ന് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ. ചാവക്കാട് നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കല്ലിൽ മുളയ്ക്കാത്ത നുണകളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ​ഭാവി വികസനത്തിന് ഒരിഞ്ച് ഭൂമി പോലും സ്വന്തമായില്ലാത്ത നഗരസഭയാണ് ചാവക്കാട്. അതുകൊണ്ടുതന്നെ, കാലങ്ങളായുള്ള അടിസ്ഥാന ആവശ്യങ്ങൾ പലതും നിർവഹിക്കാൻ ഇതുമൂലം കഴിയുന്നില്ല. ​ചാവക്കാട് അരിയങ്ങാടിയിൽ 9 1/2 സെന്റ് സ്ഥലവും പതിറ്റാണ്ടുകളുടെ പഴക്കമുള്ള നമ്പറുമുള്ള കെട്ടിടത്തിന്റെ ഉടമ, സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാം എന്ന് പറയുകയും സമ്മതപത്രം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ഇത് സർക്കാർ അനുമതിക്കായി അയക്കുന്നതിനു വേണ്ടി അജണ്ടയിൽ ഉൾപ്പെടുത്തി. ഈ ഭൂമിക്ക് ഭൂവുടമ പ്രതീക്ഷിക്കുന്ന വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില നിശ്ചയിക്കാനുള്ള അധികാരം സർക്കാർ നിശ്ചയിക്കുന്ന സമിതിക്കാണ് എന്ന പ്രാഥമിക ധാരണയെങ്കിലും പ്രതിപക്ഷത്തെ നയിക്കുന്നവർക്കുണ്ടാകണം.

​ചാവക്കാട് പട്ടണത്തിൽ ഭൂമിയുടെ വില എല്ലാവർക്കും അറിയാവുന്നതാണെന്നും സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥ സമിതി നിശ്ചയിക്കുന്ന വില ഉടമ കൂടി അംഗീകരിച്ചാലേ സ്ഥലമെടുപ്പ് നടക്കൂവെന്നും ചെയർമാൻ പറഞ്ഞു. ഇതിനെല്ലാം വ്യക്തമായ ധാരണയും നടപടിക്രമങ്ങളുമുണ്ട്. നഗരസഭാ ചെയർമാനോ നഗരസഭയിലെ ഉദ്യോഗസ്ഥർക്കോ ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നിരിക്കെ എന്തിന്റെ പേരിലാണ് ഈ കോലാഹലമെന്നും ചെയർമാൻ ചോദിച്ചു. ​പുതിയ കൗൺസിൽ വന്നിട്ട് ഒരു വർഷമാകാൻ പോകുന്നതേയുള്ളൂ. മുൻ പദ്ധതികളാണ് ഇപ്പോൾ പൂർത്തിയായി വരുന്നത്. ഇതിനിടയിൽ പ്രതിപക്ഷം പലവിധ അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചത്. ചാവക്കാടിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന എല്ലാ പദ്ധതികൾക്കും പിന്നിൽ നിന്ന് തുരങ്കം വയ്ക്കുന്ന ദുഷ്ടമനസ്സാണ് പ്രതിപക്ഷത്തെ നയിക്കുന്ന നേതാവ് പ്രകടിപ്പിക്കുന്നതെന്നും ​ഈ നശീകരണ നിലപാട് തിരുത്തിക്കാൻ യുഡിഎഫ് നേതൃത്വമെങ്കിലും തയ്യാറാവണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments