ഗുരുവായൂർ: ദേവസ്വം ചിലവിൽ ചെയർമാന് വീട് ലഭ്യമാക്കണമെന്ന ഗുരുവായൂർ ദേവസ്വം യോഗ തീരുമാനം അനുവദിക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി വി.ഡി സതീശനും ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം.ജി രാജമാണിക്യത്തിനും പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ പദവി തന്റെ ഇഷ്ടങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന സമീപനം എ.വി ഗോപിനാഥ് അവസാനിപ്പിക്കണമെന്ന് നിഖിൽ ജി കൃഷ്ണൻ ആവശ്യപ്പെട്ടു. ഗുരുവായൂരപ്പന്റെ ഭക്തരുടെ ചിലവിലല്ല ഗുരുവായൂർ ദേവസ്വം ചെയർമാൻ ഗുരുവായൂരിൽ വീട് വാടകക്കെടുത്ത് താമസിക്കേണ്ടത്. ദേവസ്വം ചിലവിൽ ചെയർമാന് വീട് ലഭ്യമാക്കണമെന്ന ഭരണസമിതി തീരുമാനത്തിന് അനുമതി നൽകരുതെന്ന് അദ്ദേഹം അവശ്യപ്പെട്ടു. ദേവസ്വം ഓഫീസ് കെട്ടിടത്തിൽ എല്ലാ ഭരണസമിതി അംഗങ്ങൾക്കും സ്യൂട്ട് റൂം ലഭ്യമായിരിക്കുമ്പോഴാണ് ചെയർമാനും ഇഷ്ടക്കാർക്കും താമസിക്കാൻ ദേവസ്വം ചിലവിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. സഹകരണ ബാങ്ക് ജീവനക്കാരനായ തന്റെ ഇഷ്ടക്കാരനെ നിയമവിരുദ്ധമായി പി.എ ആയി നിയമിച്ച് അധിക ബാധ്യതയാണ് മാസം തോറും എ.വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വത്തിന് നിലവിൽ വരുത്തിവെച്ചിട്ടുള്ളത്. ദേവസ്വം ചട്ടങ്ങളും, ദേവസ്വം എംപ്ലോയീസ് റെഗുലേഷനുമെല്ലാം കാറ്റിൽ പറത്തി തന്റെ ആശകളും, ഇഷ്ടങ്ങളും നടപ്പിലാക്കി മുന്നോട്ട് പോവാനാണ് ദേവസ്വം ചെയർമാൻ ഉദ്ദേശിക്കുന്നതെങ്കിൽ പരസ്യമായ സമരങ്ങളിലേക്കും, നിയമനടപടികളിലേക്കും കടക്കുമെന്നും നിഖിൽ ജി കൃഷ്ണൻ പറഞ്ഞു.
