ഒപ്പം മുറിയെടുത്തു താമസിച്ച് ഉറക്കത്തിനിടെ സുഹൃത്തിന്റെ സ്വർണമാലയും ആപ്പിൾ ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ കൊലക്കേസ് പ്രതിയെ 24 മണിക്കൂറിനകം ചാലക്കുടി പോലീസ് പിടികൂടി. മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (32) ആണ് പിടിയിലായത്. മൂവാറ്റുപുഴയിൽ നിന്നാണ് ചാലക്കുടി പോലീസ് സംഘം ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിനും പന്ത്രണ്ടിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ കോക്കാട്ടിൽ ലോഡ്ജിൽ പരിയാരം കുറ്റിക്കാട് സ്വദേശി പുന്നേലിപ്പറമ്പിൽ ഷൈജുവും(44) ലിബിനും ഒന്നിച്ചാണ് മുറിയെടുത്തത്. രാത്രി ഷൈജു ഉറക്കത്തിലായ തക്കം നോക്കി കഴുത്തിൽ കിടന്നിരുന്ന ഒന്നരപ്പവന്റെ സ്വർണമാല, ഐഫോൺ, പഴ്സിലുണ്ടായിരുന്ന 400 രൂപ എന്നിവ മോഷ്ടിച്ച് ലിബിൻ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചാലക്കുടിയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഷൈജുവിന്റെ പരാതി ലഭിച്ചയുടൻ ചാലക്കുടി പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി മൂവാറ്റുപുഴയിൽ നിന്ന് പിടിയിലായത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.. ലിബിൻ കുന്നത്തുനാട് , കുറുപ്പംപടി, കുറുവിലങ്ങാട്, ഇടുക്കി, രാമമംഗലം, പുതുക്കുരിശ്, കോടനാട്, കുളമാവ്, കട്ടപ്പന, കൂത്താട്ടുകുളം, കരിക്കുന്നം, തൊടുപുഴ, കല്ലൂർക്കാട്, മൂവാറ്റുപുഴ, വാഴക്കുളം, കോതമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസിലും കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ, ഗൂഡാലോചന തുടങ്ങി മുപ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൂടാതെ കാപ്പ നിയമ പ്രകാരം ജയിലിലാക്കിയ പ്രതിയുമാണ്. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അതുൽ മോഹൻ, ജി എസ് സി പി ഒ സുജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, സജീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
