വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി സ്ഫോടകവസ്തുക്കൾ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ബിജെപി പ്രവർത്തകനും പിടിയിൽ. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി തളിക്കുളം നമ്പിക്കടവ് സ്വദേശി പൂരാടൻ വീട്ടിൽ ഭഗീഷ് പൂരാടൻ (47), ബിജെപി പ്രവർത്തകൻ തമ്പാങ്കടവ് സ്വദേശി തന്നിപാറൻ വീട്ടിൽ ശ്രീജിത്ത് (43) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 6-ന് രാത്രി 7.30-ഓടെയാണ് സംഭവം. തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിയായ യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ഗുണ്ടുകളും പടക്കങ്ങളും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

