കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ രംഗത്ത്. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് തൊട്ടാപ്പ് ഇത് സംബന്ധിച്ച് കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
പഞ്ചായത്തിലെ മാട്ടുമ്മൽ, കറുകമാട്, വട്ടേക്കാട് പ്രദേശങ്ങളിൽ മാസങ്ങളായി കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ദുരിതത്തിലാണ് കഴിയുന്നത്. പൊതു ടാപ്പുകളിൽ നിന്നും വെള്ളം ലഭിക്കാതായതോടെ വെള്ളം പണം നൽകി വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ചില പ്രദേശങ്ങളിൽ പൊതുടാപ്പിൽ നിന്നും ലഭിക്കുന്ന വെള്ളം മലിന ജലമാണെന്നും ഇത് ആരോഗ്യത്തിന് പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നതായും പരാതിയിലുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്ത് നേരിട്ട് ടാങ്കർ ലോറി വഴി വെള്ളം വിതരണം ചെയ്യണമെന്നും പൊതു ടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് അധികാരികൾ ഉറപ്പുവരുത്തണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
.

