ഗുരുവായൂർ: കവിയും കഥാകൃത്തും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ ഉണ്ണി ഭാസുരി ഗുരുവായൂരിന് ഈ വർഷത്തെ പുലരി ടി.വി ‘ശംഖുമുദ്ര പുരസ്കാരം’ സമർപ്പിച്ചു. സാഹിത്യ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെയും സജീവമായ ഇടപെടലുകളെയും മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്. തിരുവനന്തപുരം വൈ.എം.സി.എ.യിലെ കെ.സി. ഈപ്പൻ ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര വിതരണം. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉണ്ണി ഭാസുരി ഗുരുവായൂരിന് ശംഖുമുദ്ര പുരസ്കാരവും പ്രശസ്തിപത്രവും അദ്ദേഹം സമർപ്പിച്ചു. ചലച്ചിത്ര നടനും കവിയുമായ വഞ്ചിയൂർ പ്രവീൺകുമാർ, ചലച്ചിത്ര താരം രാജ്മോഹൻ, ചലച്ചിത്ര-ടെലിവിഷൻ താരം സി.വി. പ്രേംകുമാർ, ചലച്ചിത്ര പിന്നണി ഗായകൻ ഹരി സർഗ്ഗം, ചലച്ചിത്ര-ടെലിവിഷൻ നടി ദീപ ഷാനു, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജയൻ തുണ്ടത്തിൽ തുടങ്ങിയ സാംസ്കാരിക-സിനിമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുത്തു സംസാരിച്ചു. പുലരി ടിവി മാനേജിംഗ് ഡയറക്ടർ സിട്രസ് യോഹന്നാൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

