Monday, June 15, 2026

നെതർലൻഡ്‌സിനെതിരേ പൊരുതി സമനില നേടി ജപ്പാൻ

ആദ്യ പകുതിയിൽ താരതമ്യേന വിരസമായ ശേഷം രണ്ടാം പകുതിയിൽ ചൂടുപിടിച്ച മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാൻ. രണ്ടു തവണ പിന്നിൽപ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാൻ സമനിലയുമായി മടങ്ങിയത്. ഇരു ടീമും രണ്ടു ഗോൾവീതം നേടി. വിർജിൽ വാൻഡൈക്ക്, ക്രിസെൻസിയോ സമ്മർവില്ലെ എന്നിവർ ഡച്ച് ടീമിനായി സ്‌കോർ ചെയ്തപ്പോൾ കെയ്‌റ്റോ നാക്കാമുറയിലൂടെയും ഡയ്ച്ചി കമാഡയിലൂടെയുമായിരുന്നു ജപ്പാന്റെ മറുപടി. കളിയുടെ തുടക്കത്തിൽ തന്നെ പന്ത് കൈവശം വെച്ച് കളിക്കുക എന്നതായിരുന്നു നെതർലൻഡ്‌സിന്റെ തന്ത്രം. ഫ്രാങ്കി  ഡിയോങ്ങും ടീയാനി റൈൻഡേഴ്‌സും ചേർന്ന് മിഡ്ഫീൽഡിലെ നീക്കങ്ങൾക്ക് നേതൃത്വം നൽകി.

മൂന്നാം മിനിറ്റിൽ തന്നെ ഡച്ച് ടീം ഗോളനടുത്തെത്തിയിരുന്നു. ഇടതുവിങ്ങിൽ നിന്ന് കോഡ് ഗാക്‌പോ നീട്ടിയ പന്തിൽ നിന്നുള്ള ഡോൺയെൽ മാലന്റെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കി രക്ഷപ്പെടുത്തി.

തുടക്കം തൊട്ടുതന്നെ ഡച്ച് ടീം തങ്ങളുടെ ഡിഫൻസീവ് ഷേപ്പ് നിലനിർത്തിക്കൊണ്ടായിരുന്നു കളിച്ചത്. ഇതോടെ ജപ്പാന് ഫൈനൽ തേർഡിലേക്കുള്ള പ്രവേശനം കടുപ്പമായി.

ഇടയ്ക്ക് പന്ത് ലഭിക്കുമ്പോഴെല്ലാം ജപ്പാൻ ആക്രമിച്ച് കയറാൻ ശ്രമിച്ചെങ്കിലും ഡച്ച് പ്രതിരോധത്തിന്റെ മികവ് തിരിച്ചടിയായി.

34-ാം മിനിറ്റിൽ സിയോൺ സുസുക്കി വീണ്ടും ജപ്പാന്റെ രക്ഷയ്‌ക്കെത്തി. ഇത്തവണ കോർണറിൽ നിന്നുള്ള ഡോൺയെൽ മാലന്റെ ഹെഡറാണ് സുസുക്കി രക്ഷിച്ചെടുത്തത്.

ഇടതു വിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോഡി ഗാക്‌പോ പലപ്പോഴും ജപ്പാൻ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. മാലനെ ലക്ഷ്യമാക്കിയുള്ള ഗാക്‌പോയുടെ നിരവധി പാസുകൾ പ്രതിരോധിക്കാൻ ജപ്പാൻ താരങ്ങൾക്ക് ഏറെ പണിപ്പെടേണ്ടി വന്നു.

43-ാം മിനിറ്റിൽ ലഭിച്ച മികച്ചൊരു അവസരം മുതലാക്കാൻ ജപ്പാനായില്ല. വലതു വിങ്ങിലൂടെ പന്തുമായെത്തി സുയോഷി വാട്ടനാബെ നീട്ടിയ പാസ് പക്ഷേ കെയ്‌റ്റോ നാക്കാമുറയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടുപിന്നാലെ ലഭിച്ച മികച്ച അവസരം അയാസെ ഉദയും പുറത്തേക്കടിച്ചു കളഞ്ഞു.

രണ്ടാം പുതിയുടെ തുടക്കത്തിൽ ജപ്പാൻ ഗോൾമുഖം തുടർച്ചായി ആക്രമിക്കുന്ന നെതർലൻഡ്‌സിനെയാണ് കണ്ടത്. പിന്നാലെ 51-ാം മിനിറ്റിൽ ഡച്ച് ടീമിന്റെ ആദ്യ ഗോളെത്തി. റയൻ ഗ്രാവെൻബെർക്ക് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ക്യാപ്റ്റൻ വിർജിൽ വാൻഡൈക്ക് വലയിലെത്തിക്കുകയായിരുന്നു.

57-ാം മിനിറ്റിൽ ജപ്പാന്റെ മറുപടിയെത്തി. ഇടതുവിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ടക്കെഫുസ കുബോ നൽകിയ പാസ് ഒന്ന് വെട്ടിത്തിരിഞ്ഞ് കെയ്‌റ്റോ നാക്കാമുറ വലയിലെത്തിക്കുകയായിരുന്നു. പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ജപ്പാൻ താരത്തിന്റെ കാലിൽ തട്ടി ഗതിമാറിയാണ് പന്ത് വലയിൽ കയറിയത്.

എന്നാൽ 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ ഡച്ച് ടീം വീണ്ടും മുന്നിലെത്തി. റയൻ ഗ്രാവെൻബെർക്ക് നൽകിയ പാസ് സ്വീകരിച്ച സമ്മർവില്ലെ, ബോക്‌സിന്റെ വലതു ഭാഗത്തുനിന്നടിച്ച ഇടംകാലനടി പോസ്റ്റിന്റെ ഇടതുമൂല തുളച്ചു.

പിന്നാലെ സമനില ഗോളിനായി ജപ്പാൻ നിരന്തര പരിശ്രമങ്ങളാരംഭിച്ചു. തുടർച്ചയായ ഡച്ച് ഗോൾമുഖം ആക്രമിച്ച അവർ ഒടുവിൽ 89-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. കോക്കി ഒഗാവ എടുത്ത കോർണർ വലയിലെത്തിച്ച് ഡയ്ച്ചി കമാഡയാണ് ജപ്പാന് ആവേശ സമനില സമ്മാനിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments