സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് ‘ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്’-ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ ബ്രൗൺഷുഗറുമായി കോഴിക്കടയിലെ ജീവനക്കാരൻ പിടിയിൽ. ആസാം നഗോൺ സ്വദേശി ജാഫർ അലി (30) എന്നയാളാണ് പിടിയിലായത്. ചാലക്കുടി കൂടപ്പുഴയിൽ വെച്ചാണ് ഇയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് സംഘവും ചാലക്കുടി പോലീസും ചേർന്ന് പിടികൂടിയത്. കൂടപ്പുഴയിലെ ഒരു കോഴിക്കടയിലെ ജീവനക്കാരനാണ് പ്രതി. ഈ കോഴിക്കടയുടെ മറവിലായിരുന്നു പ്രതി ലഹരിവില്പന നടത്തിയിരുന്നത്. ചാലക്കുടി പ്രദേശത്തെ സ്കൂൾ കോളേജ് വിദ്ധ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ഇയാൾ ബ്രൗൺ ഷുഗർ എത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. പ്രതിക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

