Saturday, May 16, 2026

ഗുരുവായൂരിൽ ഭക്തിയുടെ മഹാസംഗമത്തിന് ഭക്തിസാന്ദ്രമായ തുടക്കം

ഗുരുവായൂർ: “രാമ രാമ പാഹിമാം –കേരളത്തിന്റെ ഹൃദയനാദം” എന്ന സന്ദേശവുമായി ഗുരുവായൂരിൽ നടക്കുന്ന ത്രിദിന രാമഭക്ത സംഗമത്തിനും ദേശീയ സെമിനാറിനും തുടക്കമായി. അയോധ്യയിൽ നിന്നെത്തിച്ച ധർമ്മധ്വജവും ശ്രീരാമന്റെ കോദണ്ഡവും അണിനിരന്ന കോദണ്ഡരഥയാത്രയും ജയ് ശ്രീറാം മന്ത്രങ്ങളുമായി ഒഴുകിയെത്തിയ ഭക്തജനങ്ങളും ഗുരുവായൂരിനെ ആത്മീയ ആവേശത്തിന്റെ കേന്ദ്രമാക്കി മാറ്റി. സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റും ഭാരത സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുൾ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിശ്വപീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിക്ക് മൗനയോഗി സ്വാമി ഹരിനാരായണൻ ധർമ്മധ്വജം കൈമാറിയതോടെയാണ് കോദണ്ഡരഥയാത്ര ആരംഭിച്ചത്. തുടർന്ന് ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് എത്തിയ കോദണ്ഡരഥയാത്രയെ പുഷ്പവൃഷ്ടിയോടെ രാമ ഭക്തർ സ്വീകരിച്ചു. ശേഷം ശ്രീരാമന്റെ കോദണ്ഡം വേദിയിൽ പ്രതിഷ്ഠിക്കുകയും ധർമ്മധ്വജം കൊടിയേറ്റിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം നിർവഹിച്ചു. മൗനയോഗി സ്വാമി ഹരിനാരായണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ ഹരിഹര കൃഷ്ണൻ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സതീഷ് ഗുരുവായൂർ, ബാബുരാജ് കേച്ചേരി, കെ.ആർ പ്രവിൽ, അഡ്വ. രവി ചങ്കത്ത്, അരുൺ നമ്പ്യാർ, രേണുക ശങ്കർ തുടങ്ങിയവർ സംസാരിച്ചു. 1008 അമ്മമാർ പങ്കെടുക്കുന്ന ശ്രീരാമ ഗായത്രി ജപയജ്ഞം, ആദിത്യഹൃദയ മന്ത്രജപം, നാരായണീയ പാരായണം, രാമകോദണ്ഡപൂജ, അഷ്ടലക്ഷ്മി പൂജ, മഹാഗണപതി ഹോമം എന്നിവയാണ് പ്രധാന ആത്മീയ ചടങ്ങുകൾ. അതോടൊപ്പം ഗവേഷണപ്രബന്ധാവതരണങ്ങൾ, രാമായണ കലാവതരണങ്ങൾ, ഓട്ടൻതുള്ളൽ, കഥകളി, 101 കലാകാരന്മാർ അവതരിപ്പിക്കുന്ന അഷ്ടപദി സംഗീതസമർപ്പണം എന്നിവയും അരങ്ങേറും. കാലങ്ങൾക്ക് ശേഷം അട്ടപ്പാടിയിലെ ഗോത്രപൈതൃക കലാരൂപമായ “രാമർകൂത്ത്” വീണ്ടും പൊതുവേദിയിലെത്തുന്നതും ഈ മഹാസംഗമത്തിന്റെ ശ്രദ്ധേയ ആകർഷണമാണ്. സംവിധായകൻ വിജീഷ് മണി രാമർ കൂത്തിന് നേതൃത്വം നൽകും. ദേശീയ സെമിനാറിൽ പ്രമുഖ പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്, ഡോ. ടി.പി ശശികുമാർ തുടങ്ങി നിരവധി പണ്ഡിതന്മാരും ആത്മീയാചാര്യന്മാരും വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പ്രബന്ധാവതരണങ്ങളും നടത്തും. മുൻ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് സുധീർ അഗർവാൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments