ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ സാഹിത്യ സംഗമം സംഘടിപ്പിച്ചു. സമാജത്തിന്റെ മുഖപത്രമായ തീർത്ഥം മാസികയുടെ പബ്ലിക്കേഷൻ വിഭാഗമായ തീർത്ഥം പബ്ലിക്കേഷൻസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്. ഗുരുവായൂരിലെ ആസ്ഥാന മന്ദിരമായ അക്ഷയയിൽ നടന്ന സംഗമം മാധ്യമപ്രവർത്തകനും ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റവുമായ വി മുരളി ഉദ്ഘാടനം ചെയ്തു. സമാജം ഉത്തരമേഖല വൈസ് പ്രസിഡണ്ട് ടി.വി ശ്രീനിവാസ വാര്യർ അധ്യക്ഷത വഹിച്ചു. സമാജം അംഗങ്ങളുടെ കൂട്ടായ്മയിൽ പ്രസിദ്ധീകരിച്ച അക്ഷരതീർത്ഥം കഥാസമാഹാരം ഡോ: പി. മുരളിയും ശംഖ് തീർത്ഥം എന്ന കവിത സമാഹാരം ഡോ: ഭാരതീ കുഞ്ഞുകുട്ടനും സി.വി. അച്യുതൻ കുട്ടി വാര്യരുടെ നാരായണീയം വൃത്താനുവൃത്തം സ്വതന്ത്ര തർജിമ വി.വി. മുരളീധരവാര്യരും പ്രകാശനം ചെയ്തു. തീർത്ഥം പബ്ലിക്കേഷൻ സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കേന്ദ്ര സെക്രട്ടറി ടി.വി. രാധാകൃഷ്ണ വാര്യർ, കെ. സുരേഷ് കുമാർ, എം.വി. ശ്രീധരൻ, കെ.വി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ വേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.