ഗുരുവായൂർ: വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററയി ജോലി നേടിയ ഉദ്യോഗസ്ഥനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥന സെക്രെട്ടറി സി.എസ് സൂരജ്. ഈ ആവശ്യമുന്നയിച്ച് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് സൂരജ് പരാതി നൽകി. നിരവധി ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി കാത്തിരിക്കുമ്പോൾ ഇത്തരം ആളുകൾ വ്യാജരേഖ ചമച്ച് ജോലിയിൽ പ്രവേശിക്കുന്നത് നീതീകരിക്കാനാവില്ല. ഇത്തരം നടപടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുകളുടെ സുതാര്യതയെ വരെ കളങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം ആളുകൾ ജോലിയിൽ തുടർന്നാൽ ഗുരുവായൂർ ദേവസ്വത്തിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ട്. ഇയാളെ അടിയന്തിരമായി പുറത്താക്കാൻ ദേവസ്വം ഭരണാധികാരികൾ തയ്യാറാവണമെന്നും ഗുരുവായൂർ ദേവസ്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ റിക്രൂട്ട്മെന്റ് ബോർഡിന്റെ കീഴിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്നും അവശ്യപ്പെട്ട വിജിലന്‍സിൽ പരാതി നൽകുമെന്നും സൂരജ് പറഞ്ഞു.