നെയ്യാറ്റിൻകര: ഹൈക്കോടതിയിൽനിന്നു പച്ചക്കൊടി ലഭിച്ചതോടെ അതിയന്നൂരിലെ വിവാദ സമാധിയിടം തുറക്കാൻ തയ്യാറെടുത്ത് പോലീസ്. ഗോപൻ സ്വാമിയെ കുടുംബം സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന കോൺക്രീറ്റ് അറ വ്യാഴാഴ്ചതന്നെ തുറന്ന് തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിൻറെ തീരുമാനം. ഉള്ളിൽ മൃതദേഹമുണ്ടെങ്കിൽ അപ്പോൾത്തന്നെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തിയേക്കും. സമാധിയിടം പൊളിക്കുന്നതിനെതിരേ കുടുംബം നൽകിയ റിട്ട് പെറ്റീഷനിൽ ബുധനാഴ്ച ഹൈക്കോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂർ കാവുവിളാകത്ത് സിദ്ധൻ ഭവനിൽ ഗോപൻ സ്വാമി എന്നു നാട്ടുകാർ വിളിക്കുന്ന മണിയൻ സമാധിയായെന്ന് വീട്ടുകാർ പോസ്റ്റർ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്.
ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിലായിരിക്കണം ഇൻക്വസ്റ്റ് നടത്തേണ്ടത്. അതുകൊണ്ട് ആർ.ഡി.ഒ.യായ സബ് കളക്ടർ ഇക്കാര്യത്തിൽ പോലീസിനു നിർദേശം നൽകണം. എന്നാൽ, ഇതുവരെ ആർ.ഡി.ഒ. നിർദേശം നൽകിയിട്ടില്ലെന്ന് ഡിവൈ.എസ്.പി. എസ്.ഷാജി വ്യക്തമാക്കി.
ഹൈക്കോടതിയുടെ പരാമർശമുണ്ടായ സാഹചര്യത്തിൽ, വ്യാഴാഴ്ച വലിയതോതിൽ പ്രതിഷേധമുയരില്ലെന്നാണ് പോലീസ് കരുതുന്നത്. ശക്തമായ പോലീസ് കാവൽ കാവുവിളാകത്തുണ്ടാകും. ഇവിടേക്ക് ആൾക്കാരെത്തുന്നതു തടയാനും പോലീസ് ശ്രമിക്കും. വീട്ടുകാരെ പോലീസിന്റെ സുരക്ഷാ കസ്റ്റഡിയിലുമാക്കും. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം മണിയന്റെ ഭാര്യ സുലോചനയും മകൻ രാജസേനനുമുണ്ട്. പോലീസ് ഇവർക്ക് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലും കോൺക്രീറ്റ് അറയ്ക്കു സമീപവും പോലീസ് കാവലുണ്ട്.