തൃശൂർ: വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് കാലിൽ കയറി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു വയോധിക മരിച്ചു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി പുതു വീട്ടിൽ നബീസ(70)ആണ് മരിച്ചത്.തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ഇന്നലെ രാവിലെ ഒന്നാം കല്ലിൽ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നബീസയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നതായി ബന്ധുക്കൾ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ഇവർ ഒന്നാം കല്ല് ബസ് സ്റ്റോപ്പിൽ നിന്ന് കുന്നംകുളത്തേക്കുള്ള ബസിൽ കയറേണ്ടതിന് പകരം പട്ടാമ്പി ബസിൽ കയറുകയും, അബദ്ധം പറ്റിയെന്ന് മനസിലാക്കി ധൃതിയിൽ ബസിൻ്റെ മുൻഭാഗത്തെ ഡോറിലൂടെ ഇറങ്ങുന്നതിനിടെ കാല് മടങ്ങി ബസ്സിനടിയിലേക്ക് വീഴുകയുമായിരുന്നു. എന്നാൽ ഇവർ വീണതറിയാതെ ബസ് മുന്നോട്ടെടുത്തു. ഇതോടെ നബീസയുടെ ഇടത് കാലിലൂടെ ബസിൻ്റെ പിൻ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു.