ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാകില്ലെന്ന ഉത്തരവിനെതിരെ ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. ദേവസ്വത്തിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം.എല്‍. ജിഷ്ണുവാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് ഫുള്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംഭാവന കൈമാറാന്‍ തങ്ങള്‍ക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത് നിയമപരവും ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2020 ഡിസംബറില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് പുറപ്പടിവിച്ച വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും അപ്പീല്‍ നല്‍കിയിട്ടില്ല. എന്നാല്‍ വിശദമായ നിയമഉപദേശങ്ങള്‍ക്ക് ശേഷമാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.