ചാവക്കാട്: നാലു തൊഴിലാളികളുമായി ബ്ലാങ്ങാട് കടപ്പുറത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോയ ചെറുവഞ്ചി എഞ്ചിൻ തകരാറായതോടെ കടലിൽ കുടുങ്ങി. വിവരമറിഞ്ഞ് മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്പീഡ് ബോട്ടിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെടെങ്കിലും മുനക്കക്കടവ് അഴിമുഖത്ത് ശക്തമായ തിരമാലയടിക്കുന്നത് മൂലം കടലിലേക്ക് പ്രവേശിക്കാനായില്ല. പുത്തൻ കടപ്പുറത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദക്ഷിണമൂർത്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി. ദക്ഷിണമൂർത്തിയെ കൂടാതെ തമിഴ്നാട് സ്വദേശി ആദി, തിരുവനനന്തപുരം സ്വദേശി കുട്ടൻ, ബ്ലാങ്ങാട് സ്വദേശി സുബ്രു എന്നിവരും വഞ്ചിയിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഇവർ മൽസ്യബന്ധനത്തിനായി പോയത്. എന്നാൽ കരയിൽ നിന്നും 14 കിലോമീററോളം ദൂരത്ത് എഞ്ചിൻ തകരാറിലാവുകയായിരുന്നു. ഇതോടെ സുബ്രു മറ്റൊരു വഞ്ചിയിൽ രാത്രിയോടെ കരക്കെത്തി. വിവരമറിഞ്ഞ് നാട്ടുകാർ സുബ്രുവുമായി മറ്റൊരു വള്ളത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

