Friday, September 20, 2024

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കൈപ്പമംഗലം സ്വദേശി പിടിയിൽ

തൃശൂർ: കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി വെസ്റ്റ് പോലീസിന്റെ പിടിയിലായി. കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടിൽ നൌഷാദ് (40) നെയാണ് ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. എൻ. വിജയൻ അറസ്റ്റുചെയ്തത്. തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ മൊബൈൽഫോണിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. ഇതിനിടയിൽ പെൺകുട്ടിയുടെ ചില ഫോട്ടോകൾ ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇയാൾ വിവാഹിതനാണെന്നും കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവെച്ച് പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇാൾ ആവശ്യപ്പെട്ടു. ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കോളേജിലേക്ക് പഠിക്കാനെത്തിയ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ നൌഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയേയും നൌഷാദിനേയും എറണാകുളം ജില്ലയിലെ കാലടി ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. കേരള വർമ്മ കോളേജിൽ നിന്നും പരീക്ഷ കഴിഞ്ഞ് പോകുന്ന സമയം തന്റെ ഫോട്ടോകൾ കാണിച്ച് അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നൌഷാദ് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയതാണെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments