ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കും ദർശനത്തിന് പ്രത്യേക ക്യൂ ഏർപ്പെടുത്താനുള്ള ദേവസ്വം ഭരണസമിതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ. ഗുരുവായൂർ ക്ഷേത്രത്തിൽ മുൻപുണ്ടായിരുന്ന സംവിധാനമാണിതെന്നും ഇത് സംബന്ധിച്ച് പലതവണ ദേവസ്വം വകുപ്പ് മന്ത്രിക്കും അധികാരികൾക്കും പരാതി നൽകിയിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ ക്ഷേത്രത്തിനകത്ത് സ്ത്രീകൾക്കെതിരെ ചൂഷണങ്ങൾ വർധിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ ക്ഷേത്രത്തിനകത്ത് മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. സ്ത്രീകളെ ക്യൂവിൽ നിന്ന് മറ്റും പുരുഷ ജീവനക്കാർ പിടിച്ചുമാറ്റുന്നതിൽ നിയന്ത്രണം ഉണ്ടാകണമെന്നും
സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനസൗകര്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
