ചാവക്കാട്: ലക്ഷദ്വീപ് ജനതയക്ക് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാധാനത്തോടെ ജീവിക്കുന്ന ദ്വീപ് ജനതയെ വേട്ടയാടാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് പി ടി കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദറും അഭിപ്രായപ്പെട്ടു. സംഘർഷവും ക്രിമിനൽ കേസുകളും ഇല്ലാത്തയിടത്ത് ഗുണ്ടാ ആക്റ്റ് പ്രഖ്യാപിച്ച് ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളുകയാണ്. അവരുടെ ഉപജീവനത്തിനായുള്ള മൽസ്യബന്ധനം തടയുകയും ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ഭക്ഷണ ശീലത്തെ നിയമം മൂലം നിഷേധിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധതയാണ്.
പട്ടിക വർഗ്ഗമെന്ന പരിഗണനയിൽ ദ്വീപ്ജനതയെ സാമൂഹ്യമായി ഉയർത്തി കൊണ്ടുവരാനാണ് മുൻ കേന്ദ്ര സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴത്തെ നടപടികൾ ഉടനടി നിറുത്തി വെക്കണം. ദ്വീപ് ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നതായും ഇരുവരും വാർത്താക്കുറിപ്പിൽ അറിയിച്ചു.