തൃശൂർ: കെ.രാജനും എ.സി.മൊയ്തീനും കെ.രാധാകൃഷ്ണനും ആർ.ബിന്ദുവും മന്ത്രിമാരായേക്കും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പാത പിന്തുടർന്ന് കെ.രാജൻ കൃഷിമന്ത്രിയാകുമെന്നാണ് കരുതുന്നത്. കാർഷിക രംഗത്തു സുനിൽകുമാറുണ്ടാക്കിയ നേട്ടം ജില്ലയിൽ വലിയ ഗുണം ചെയ്തിട്ടുണ്ടെന്നാണ് സിപിഐ വിലയിരുത്തൽ. അതുകൊണ്ടുതന്നെ കൃഷിവകുപ്പ് ഒരിക്കൽ കൂടി സ്വീകരിക്കുന്നതിനോട് അനുകൂല സമീപനമാണ് പാർട്ടിയിൽ. കെ.രാധാകൃഷ്ണൻ മന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മുൻ സ്പീക്കറും മന്ത്രിയുമായ രാധാകൃഷ്ണൻ പ്രധാന വകുപ്പുകളിൽ ഏതെങ്കിലും ഒന്നിലേക്കു പരിഗണിക്കപ്പെടും. എ.സി.മൊയ്തീനാണു സാധ്യതാ പട്ടികയിലെ മറ്റൊരാൾ. മലബാറിൽനിന്നുള്ള സാമുദായിക പരിഗണനകൂടി പരിഗണിച്ച ശേഷമാകും ഇതിൽ തീരുമാനമെടുക്കുക. തൃശൂരിലെ മുൻ മേയർ കൂടിയായ ആർ.ബിന്ദുവും മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷനിലെ പ്രവർത്തനവും ബിന്ദുവിന് തുണയാകും.

