ഗുരുവായൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഏകാദശി വിളക്കുകൾ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നെള്ളിപ്പോടുകൂടി ചടങ്ങ് മാത്രമായി നടത്താൻ ദേവസ്വം ഭരണ സമിതി തീരുമാനം. ഒക്ടോബർ 27 മുതൽ നവംബർ 25 വരെയായിരിക്കും ഏകാദശി വിളക്ക്. ഏകാദശി വിളക്കു നടത്തിപ്പിനുള്ള വഴിപാടുകാരുടെ തിയ്യതി നിശ്ചയിച്ചുള്ള ലിസ്റ്റ് ഭരണ സമിതി തയ്യാറാക്കി. ചെമ്പൈ സംഗീതോത്സവം ചടങ്ങ് മാത്രമായി നടത്താനും, പഞ്ചരത്ന കീർത്തനാലാപനം പരിമിതമായ എണ്ണം സംഗീതജ്ഞരെ ഉൾക്കൊള്ളിച്ച് നടത്താനും, ചെമ്പൈ പുരസ്കാരം വായ്പാട്ട് വിഭാഗത്തിലെ പ്രശസ്തനായ സംഗീതജ്ഞനു നൽകാനും യോഗത്തിൽ തീരുമാനമായി. ചെമ്പൈ പുരസ്കാര സമർപ്പണത്തിന് അനുയോജ്യനായ സംശീതജ്ഞനെ കണ്ടെത്താനുള്ള സബ് കമ്മിറ്റിയെ അടുത്ത ഭരണ സമിതി യോഗത്തിൽ നിശ്ചയിയ്ക്കും. ഗുരുവായൂർ ക്ഷേത്രത്തിലും, ക്ഷേത്രത്തിന്റെ കിഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷം ചടങ്ങ് മാത്രമായി നടത്തും. കോവിഡ് സാഹചര്യത്തിൽ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്നത്തിലെ നിർദ്ദേശപ്രകാരം കൊല്ലംതോറും നടത്തിവരുന്ന മുറജപം ഈ വർഷം ഒക്ടോബർ 17 മുതൽ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താൻ ഭരണ സമിതി തീരുമാനിച്ചു. മുറജപത്തിലെ പ്രധാന ചിലവായ ദക്ഷിണ് മുൻ വർഷത്തെ നിരക്കിൽ നൽകും. ഭരണ സമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി.പ്രശാന്ത്, കെ.വി ഷാജി, ഇ.പി.ആർ വേശാല, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജ കുമാരി എന്നിവർ പങ്കെടുത്തു.

