Saturday, November 28, 2026

ഗുരുവായൂർ ക്ഷേത്രദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി

ഗുരുവായൂർ: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങിയ രാഷ്ട്രപതിയെ ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ  എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. എം.എൽ.എമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എൻ.കെ അക്ബർ, തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ എന്നിവരും സ്വീകരണ സംഘത്തിൽ സന്നിഹിതരായിരുന്നു. ഹെലിപ്പാഡിലെ സ്വീകരണത്തിന് ശേഷം കർശന സുരക്ഷാ വലയത്തിൽ റോഡ് മാർഗ്ഗം രാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തിരിച്ചു.  ഗുരുവായൂർ  ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ രാഷ്ട്രപതിയെ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം റോജി ജോൺ, ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ്‌ ഭരണസമിതി അംഗങ്ങൾ, ഇന്റേണൽ സെക്യൂരിറ്റി ഐ.ജി എസ്. സതീഷ് ബിനോ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്നിഹിതരായി. തുടർന്ന് രാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. പിന്നീട് രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തി ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിലേക്ക് പുറപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments