വടക്കേക്കാട്: കപ്ലിയങ്ങാട് വാദ്യകലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മണ്ഡല മാസകാലാഘോഷവും വാദ്യപ്രതിഭകൾക്ക് സമാദരണവും പഞ്ചാരിമേളം അരങ്ങേറ്റവും നവംബർ 27 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്ര സന്നിധിയിൽ ഒമ്പത് വാദ്യപ്രതിഭകളുടെ പഞ്ചാരിമേളം അരങ്ങേറ്റം നടക്കും. വാദ് കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ദേശത്തിൻ്റെ സ്നേഹാദരം നൽകി അനുമോദിക്കും. തുടർന്ന് അദ്ദേഹം ചടങ്ങിൽ ദീപപ്രോജ്വലനം നിർവഹിക്കും. ഗുരുവായൂർ മഞ്ജുളാൽത്തറ മേള പ്രമാണി വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ ചേരുന്ന സദസ്സിൽ ഉണ്ണികൃഷ്ണൻ എടവന, ഷണ്മുഖൻ തെച്ചിയിൽ, വെള്ളറക്കാട് ഷാജി, ‘വീ ആർ ഗുരുവായൂർ’ യൂട്യൂബ് ചാനൽ പ്രതിനിധികൾ തുടങ്ങിയവരെ ആദരിക്കും. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ഗുരുവായൂർ ജ്യോതിദാസ്, വി.പി ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ബാലൻ വാറണാട്ട് തുടങ്ങിയ സാസ്ക്കാരിക മാധ്യമ കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും. ഭാരവാഹികളായ ധനീഷ് താമരശ്ശേരി, അശോകൻ വെട്ടിശ്ശേരി, ബാലൻ വാറണാട്ട്, ജയപ്രകാശ് ഗുരുവായൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
