പേരാമംഗലത്ത് ഡോക്ടർ ദമ്പതികളുടെവീട്ടിൽ നിന്നും ഒരു കോടിയോളം വിലവരുന്ന സ്വർണ്ണവും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച കേസിൽ രണ്ട് യുവതികൾ പിടിയിൽ. വിൽവട്ടം കുറ്റുമുക്ക് സ്വദേശിയായ വാരിയംപ്പാട്ട് വീട്ടിൽ ടി.എസ് ഗീതു (35), മണ്ണുത്തി പട്ടാളകുന്ന് സ്വദേശിയായ പുളിങ്കുഴി വീട്ടിൽ പ്രിയ (48) എന്നിവരെയാണ് തൃശൂർ സിറ്റി അസിസ്റ്റൻ്റ് കമ്മീഷണർ നാർക്കോട്ടിക് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റിസ് പി. ഷിബുവിൻെറ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 2025 ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറായ പേരാമംഗലം സ്വദേശിനിയുടെ വീട്ടിൽ വീട്ടുജോലിക്കു നിന്നിരുന്ന പ്രതികൾ ബെഡ്റൂമിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം വിലവരുന്ന സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ, ഡയമണ്ട് പതിച്ച വാച്ച്, ഗോൾഡ് കോയിനുകൾ, എന്നിവ പലതവണയായി മോഷണം ചെയ്യുകയായിരുന്നു. ആഭരണങ്ങൾ നഷ്ടമായതോടെ വീട്ടുകാർ പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പിന്നീട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തിൽ നാർക്കോട്ടിക് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റിസ് അസിസ്റ്റൻ്റ് കമ്മീഷണർ പി. ഷിബുവിന് കൈമാറുകയായിരുന്നു. പിന്നീടുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.എം സാഹിൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബി.പി മിനിത, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, മിഥുൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
