മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നാടെങ്ങും അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഗുരുവായൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സി.എ ഗോപപ്രതാപൻ അനുസ്‌മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ഇർഷാദ് കെ ചേറ്റുവ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ എച്ച്.എം നൗഫൽ, കെ. നവാസ്, നിഖിൽ ജി കൃഷ്‌ണൻ, നൗഷാദ് തെക്കുംപുറം, പി.വി ബദറുദീൻ, ബാലൻ വാറണാട്ട്, സി.എസ് സൂരജ്, ഉണ്ണികൃഷ്ണൻ കാര്യാട്ട് എന്നിവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് മെമ്പർ സി.എസ് രമണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.എ നാസർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, കെ.എ അഷറഫ്, എ.എസ് മുസ്തഫ, കൊപ്പര ശൈലജ, കെ.ജി വിജേഷ്, ഹമീദ് അഞ്ചങ്ങാടി, കെ.എ മുത്തു, അണ്ടത്തോട് നസിയ, കാരയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

കടപ്പുറം പഞ്ചായത്ത് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം 21-ാം നമ്പർ അംഗൻവാടിയിൽ നെഹ്റു ജന്മദിനം ആഘോഷിച്ചു. ഇൻകാസ് നേതാവ് സി.എസ് ഷെഫീഖ് കുട്ടികൾക്ക് സംഭാവന ചെയ്ത സമ്മാനങ്ങൾ മുസ്താക്കലി വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ സി.എസ് രമണൻ, മൂക്കൻ കാഞ്ചന, മിസ്രിയ മുസ്താഖ് അലി, കൊപ്പര ശൈലജ, എ.എസ് മുസ്തഫ, കെ.എ അഷറഫ്, കെ.ജി വിജേഷ് എന്നിവർ പങ്കെടുത്തു.

പുന്നയൂർക്കുളം: ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കുന്നത്തൂർ പാർട്ടി ഓഫീസിൽ നടന്ന പരിപാടി ഡിസിസി സെക്രട്ടറി എ.എം.അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ലിയാഖത്ത് പയ്യൂരയിൽ അധ്യക്ഷത വഹിച്ചു.നേതാക്കളായ ചോ മുഹമ്മദുണ്ണി, അഷ്‌കർ അറക്കൽ, കമറുദ്ധീൻ, സ്വാമിനാഥൻ, ബഷീർ കോറോത്തയിൽ, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ബ്ലോക്ക് മണ്ഡലം നേതാക്കൾ സംബന്ധിച്ചു.

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ അങ്കണവാടികളിൽ ശിശുദിനാഘോഷ പരിപാടികളും ചാവക്കാട് റിഗാലിയ ജ്വല്ലറിയുടെ മാനേജിങ് പാർട്ണർ ആഷിഖ് എ വൺ നാല് അങ്കണവാടിയിലുള്ള 60 കുട്ടികൾക്കുള്ള ബാഗ് സമ്മാനമായി നൽകുകയും ചെയ്തു. 17-ാം വാർഡിലെ മന്ദലംകുന്ന് കിണർ 8-ാം നമ്പർ, 6-ാം നമ്പർ അങ്കണവാടികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും 17-ാം വാർഡ് മെമ്പറുമായ സൈനബ ഷുക്കൂർ സന്നിഹിതയായിരുന്നു. ചടങ്ങിൽ എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട്, റിഗാലിയ ജ്വല്ലറി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് പാർട്ണറുമായ ആഷിക് എ വൺ, എസ്.ഡി.പി.ഐ കിണർ ബ്രാഞ്ച് വൈസ് പ്രസിഡന്റ് മജീദ് തെക്കേകാട്ടിൽ എന്നിവർ ബാഗ് വിതരണത്തിന് നേതൃത്വം നൽകി. അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും ക്കും ചടങ്ങിൽ ബാഗുകൾ വിതരണം ചെയ്തു.പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നഴ്സറി കുരുന്നുകൾക്കായി ഒരുക്കിയ ഈ ബാഗ് വിതരണ പദ്ധതിയുടെ ഭാഗമായി 18-ാം വാർഡിലെ പപ്പാളി അങ്കണവാടിയിൽ 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കാട്ട്, റിഗാലിയ ജ്വല്ലറി മാനേജിംഗ് പാർട്ണർ ആഷിക് എ വൺ എന്നിവരുടെ നേതൃത്വത്തിൽ വിതരണം നടന്നു. 19-ാം വാർഡിൽ നടന്ന ചടങ്ങിൽ 19-ാം വാർഡ് മെമ്പർ ഷിനോദ്, 18-ാം വാർഡ് മെമ്പർ ബുഷറ സുബൈർ, സക്കരിയ പൂക്കാട്ട്, ആഷിക് എ.വൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാഗ് വിതരണം.മന്ദലംകുന്ന് അങ്കണവാടികളിൽ നടന്ന ആഘോഷ പരിപാടിയിൽ അങ്കണവാടി വർക്കർമാരായ സുനിത, ആതിര, ഹെൽപ്പർമാരായ ദീപ, ശോഭന എന്നിവരും കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു ജന്മദിന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ദേശരക്ഷ പ്രതിജ്ഞയെടുത്തു. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ജയന്തി സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട് വിഷയാവതരണം നടത്തി. കെ.പി.എ റഷീദ്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, എസ്.കെ സന്തോഷ്, മേഴ്സിജോയ്, സുഷ ബാബു, അനിൽകുമാർ ചിറക്കൽ, ബഷീർ കുന്നിക്കൽ എന്നിവർ സംസാരിച്ചു. ശശികുമാർ പട്ടത്താക്കിൽ, ജോയ് തോമസ്, പി.എം മുഹമ്മദുണ്ണി, പി. കൃഷ്ണകുമാർ, രാകേഷ് നെൻമിനി എന്നിവർ നേതൃത്വം നൽകി.

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം ആചരിച്ചു. മണത്തല ഗാന്ധിജി ഭവനിൽ ജവഹർലാൽ നെഹ്രുവിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റി സെക്രട്ടറി സി.പി കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ഇസഹാക്ക് മണത്തല, അഷറഫ് ബ്ലാങ്ങാട്, കെ.എൻ സന്തോഷ്, കമറുദ്ദീൻ പട്ടാളം, അഡ്വ. ഡാലി എന്നിവർ സംസാരിച്ചു.

ചാവക്കാട്: മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ 23-ാം വാർഡ് ബ്ലാങ്ങാട് ഉന്നതിയിലെ അംഗനവാടിയിലെ നഴ്സറി കുട്ടികൾക്ക് ശിശുദിന സമ്മാനങ്ങൾ വിതരണം ചെയ്തു. ചിത്രരചന പുസ്തങ്ങൾ, കളറിംഗ് ക്രയോണുകൾ, മാജിക് സ്ലേറ്റുകൾ എന്നിവ അടങ്ങിയ സമ്മാനങ്ങളും മധുരങ്ങളും വിതരണം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കോൺഗ്രസ് ജില്ല കൗൺസിലർ സി.പി കൃഷ്ണൻ കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ.എൻ സന്തോഷ്, ഗുരുവായൂർ ബ്ലോക്ക് ഓട്ടോ ഡ്രൈവേഴ്സ് പ്രസിഡന്റ് എ. എച്ച് റൗഫ്, വാർഡ് പ്രസിഡന്റ് ഗഫൂർ, കമറുദ്ദീൻ പട്ടാളം, സഫറിയ റിയാദ്, അഡ്വ. ഡാലി എന്നിവർ നേതൃത്വം നൽകി.

ഗുരുവായൂർ നഗരസഭ 23-ാംവാർഡ് എടപ്പുള്ളിയിലെ അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു ശിശുദിന സന്ദേശം നൽകി. കൊച്ചു കുട്ടികളുടെ വർണ്ണാഭമായ റാലിയും ഉണ്ടായി. വെള്ള വസ്ത്രങ്ങളും തൊപ്പികളും ധരിച്ച് പ്ലക്കാർഡുകളും ബലൂണുമായി കുരുന്നുകൾ റാലിയിൽ അണിനിരന്നു. അധ്യാപകരായ ബിജില, ഷീല, എൽഎംഎസ് സി അംഗങ്ങളായ പി.എം മുഹമ്മദുണ്ണി, ലതിക ടീച്ചർ, റസിയ സാലി, നസീബ, സ്വാതി, ആശ പ്രവർത്തകർ സൗമ്യ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ അവകാശങ്ങളും സ്വപ്നങ്ങളും ഉയർത്തിപ്പിടിച്ച് പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂൾ പ്രീ പ്രൈമറി കുരുന്നുകളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.വർണാഭമായ ശിശുദിന റാലി പി.എം ഹസീന ഫ്ലാഗ് ഓഫ് ചെയ്തു. സ്പെഷ്യൽ അസംബ്ലി, പ്രസംഗമത്സരം, സംഘഗാനം, ഫാൻസി ഡ്രസ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. എസ്.കെ പ്രിയ, പി.എം മുബീന,എ.ബി രോഹിണി, സയന ചായൂർ, പി.ആർ ഷീജ, സാഞ്ജലി മുരളി തുടങ്ങിയവർ സംസാരിച്ചു.

