Friday, November 6, 2026

അമാവാസി ഉത്സവം ഞായറാഴ്ച, പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ തുലാമാസ വാവുബലി തര്‍പ്പണം തിങ്കളാഴ്ച

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിലെ തുലാമാസ വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാകടപ്പുറത്ത് നടക്കും. അമാവാസി ഉത്സവദിനമായ ഞായറാഴ്ച രാവിലെ 8.30-ന് ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തില്‍നിന്നും ഉച്ചതിരിഞ്ഞ് മൂന്നിനുള്ള എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്നും ആരംഭിക്കും. ക്ഷേത്രം കമ്മിറ്റിക്കായി ഗജരാജന്‍ ചിറക്കല്‍ കാളിദാസന്‍ തിടമ്പേറ്റും. ക്ഷേത്ര കമ്മിറ്റിയുടെ എഴുന്നള്ളിപ്പും വടക്കുഭാഗം, തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകളും വൈകീട്ട് 6.30-ന് ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. കൂട്ടിയെഴുന്നള്ളിപ്പില്‍ ഏഴ് ആനകളും കാവടികളും വിവിധ കലാരൂപങ്ങളും അണിനിരക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി രാത്രി പത്തിന് നാടകാവതരണം ഉണ്ടാവും. തിങ്കളാഴ്ച ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് തിലഹവനം, പിതൃസായൂജ്യപൂജ എന്നിവക്കും സൗകര്യമുണ്ടായിരിക്കും. വാകടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം, സൗജന്യ പ്രഭാതഭക്ഷണം, ക്ലോക്ക് റൂം സൗകര്യം എന്നിവ ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം പ്രസിഡന്റ് വിശ്വനാഥന്‍ വാക്കയില്‍, സെക്രട്ടറി വിക്രമന്‍ താമരശ്ശേരി, ക്ഷേത്രം ട്രഷറര്‍ രാജഗോപാല്‍ വേഴംപറമ്പത്ത്, മറ്റ് ഭാരവാഹികളായ ബാലന്‍ കൊഴപ്പാട്ട്, ദിലീപ്കുമാര്‍ പാലപ്പെട്ടി, വിനയദാസ് താമരശ്ശേരി, ഷനില്‍കുമാര്‍ ചന്തിരുത്തില്‍, മനേഷ് ചന്ദനപറമ്പില്‍ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments