ഷാർജ: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദാ മുഹമ്മദിന്റെ പുസ്തകമായ ‘വേനലിൽ നനഞ്ഞ ഇലകൾ’ പ്രകാശിതമായി. ഷാർജയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ദുബായ് ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ പുസ്തകം ഏറ്റുവാങ്ങി. ചിരന്തന പബ്ലിക്കേഷൻസ് ചെയർമാൻ പുന്നക്കൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ചിരന്തന പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളും ഓർമ്മകളും സന്തോഷങ്ങളും സങ്കടങ്ങളും തിരിച്ചറിവുകളും ചില നിശ്ശബ്ദ വേദനകളുമാണ് പുസ്തകത്തിലെ വരികളായി മാറിയതെന്ന് സുബൈദാ മുഹമ്മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജീവിതം എപ്പോഴും വസന്തമല്ലെന്നും, കഠിനമായ വേനലിലും പ്രതീക്ഷയുടെ പച്ചപ്പ് കൈവിടാതെ മുന്നോട്ടുപോകുന്ന മനുഷ്യജീവിതങ്ങളെയാണ് ‘വേനലിൽ നനഞ്ഞ ഇലകൾ’ എന്ന പേര് ഓർമ്മിപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു. വായനക്കാർക്ക് പുസ്തകത്തിലെ ഏതെങ്കിലും ഒരു വരിയിൽ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം കണ്ടെത്താൻ കഴിയുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും സുബൈദാ മുഹമ്മദ് കൂട്ടിച്ചേർത്തു. പുസ്തകം ഏറ്റുവാങ്ങിയ ദുബായ് ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, സുബൈദാ മുഹമ്മദിന്റെ ജീവിതാനുഭവങ്ങളും പൊതുപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും പുസ്തകത്തിലൂടെ പുതിയൊരു വായനാനുഭവമായി മാറുകയാണെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. വൈ. എ. റഹീം, ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് പവിത്രൻ ബാലൻ, തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി സി. എം. നൗഷാദ് എന്നിവർ സംസാരിച്ചു. ഇൻകാസ് ദുബായ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി, സമീർ മാതിരിപ്പിള്ളി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് ഫിറോസ് മുഹമ്മദാലി നന്ദി പറഞ്ഞു.
