Friday, October 30, 2026

ഗുരുവായൂർ ഏകാദശി; അഭിഭാഷകരുടെ കൂട്ടായ്മയിൽ നീതി വിളക്കാഘോഷം ഞായറാഴ്ച

ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി അഭിഭാഷകരുടെ കൂട്ടായ്മയിൽ നീതി വിളക്കാഘോഷം ഞായറാഴ്ച്ഛ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനൻ മേളം നയിക്കും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഇടയ്ക്കയും ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിൽ നാദസ്വര കച്ചേരിയും ഉണ്ടാകും. സന്ധ്യക്ക് കക്കാട് രാജപ്പൻമാരാർ, കല്ലൂർ ഉണ്ണികൃഷ്ണൻ, അതുൽമാരാർ എന്നിവരുടെ ട്രിപ്പിൾ തായമ്പകയും നടക്കും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറ് മുതൽ അഭിഭാഷകർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ, അഡ്വ.ക്ലർക്ക്സ് എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് 6.30മുതൽ 8.30 വരെ ശബരീഷ് പ്രഭാകറിൻ്റെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ ഉണ്ടാകും. രാത്രി ചുറ്റുവിളക്ക് തെളിയിക്കാൻ ജഡ്ജിമാർ ക്ഷേത്രത്തിലെത്തും. ചാവക്കാട് മുൻസീഫ് കോടതിയുടെ വകയായി നൂറ്റാണ്ടോളം നടത്തിയിരുന്ന വിളക്കാഘോഷമാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇക്കൊല്ലം മുതൽ നീതി വിളക്കായി മാറിയത്. ആഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. സി. സുഭാഷ്കുമാർ, കൺവീനർ അഡ്വ. വേണുഗോപാൽ മുള്ളത്ത്,  അഡ്വ. കെ.ബി ഹരിദാസ്, അഡ്വ. കെ.ഡി വിനോജ്, അഡ്വ. സി. രാജഗോപാലൻ, അഡ്വ. വി.എസ് ശിവശങ്കരൻ, അഡ്വ. സി.പി പ്രത്യുഷ്, അഡ്വക്കേറ്റ് ക്ലർക്ക് ടി.ആർ അജിത് കുമാർ  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments