നാട്ടിക: പണി തീരാത്ത ദേശീയപാതക്ക് ടോൾ പിരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെങ്കിൽ ടോൾ നിഷേധ സമരം നടത്താൻ യു.ഡി.എഫ് മുന്നിലുണ്ടാകുമെന്ന് ടി.എൻ പ്രതാപൻ. നാട്ടിക ടോൾ പ്ലാസ വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 ശതമാനം പോലും പണിതീരാത്ത റോഡിന് ടോൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മൗനം ഇക്കാര്യത്തിലെ ഒളിച്ചുകളിയാണ് വെളിവാക്കപ്പെടുകയാണെന്നും സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ച് ടോൾ പിരിക്കുന്ന കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. നാട്ടിക സെൻ്ററിൽ നിന്ന് ജാഥയായാണ് യുഡിഎഫ് പ്രവർത്തകർ ടോൾ പ്ലാസ വളയാൻ എത്തിയത്. പ്രതിഷേധ ധർണ്ണയിൽ സമരസമിതി ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഹാറൂൺ റഷീദ്, സുനിൽ അന്തിക്കാട്, ടി.എം നാസർ, ശോഭ സുബിൻ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ വിജയൻ, കെ.എഫ് ഡോമിനിക്, സിനജെ പോൾസൺ, സി.സി ബാബുരാജ്, പി.ഐ ഷൗക്കത്തലി, കെ.എസ് റഹ്മത്തുള്ള, പി.എം ഷെരീഫ്, കെ.എ കബീർ, എൻ.കെ മുഹമ്മദാലി, സുബൈദ മുഹമ്മദ്, പി വിനു, പി.ബി മൊയ്തു, ഷൈജു സായിറാം, രഞ്ചില ഗിരി, ഷീബ അജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
