ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണഭവൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് വിജയദശമി വിളക്കിനോടനുബന്ധിച്ച് സ്നേഹാദര സമർപ്പണ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വാദ്യശ്രേഷ്ഠരായ മഞ്ജുളാൽ മേളപ്രമാണി ഗുരുവായൂർ ജയപ്രകാശ്, വാദ്യാചാര്യൻ പയ്യന്നൂർ സുധി, ഇലത്താളാചാര്യൻ ഏഷ്യാഡ് ശശി, കുറുംകുഴൽ വിദ്വാൻ പനമണ്ണ മനോഹരൻ, കൊമ്പ് വാദന പ്രതിഭ മച്ചാട് മണികണ്ഠൻ, പി. മുരളീധര മാരാർ എന്നിവരെയാണ് സ്നേഹാദരം നൽകി ആദരിച്ചത്. വിളക്കിനോടനുബന്ധിച്ച് നൃത്തം, കൈകൊട്ടിക്കളി തുടങ്ങിയ കലകളിൽ ശ്രദ്ധേയമായ കലാവിരുന്ന് ഒരുക്കിയ മമ്മിയൂർ നാരായണംകുളങ്ങര വനിത സംഘത്തിലെ കലാകാരികൾക്കും മോഹിനിയാട്ടം, ഭരതനാട്യം അവതരിപ്പിച്ചവർക്കും ക്ഷേത്രത്തിനകത്ത് വാദ്യത്തിൽ അണിച്ചേർന്ന കലാകാരന്മാർക്കും വേദിയിൽ ഉപഹാരങ്ങൾ നൽകി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഹരിഗോപാൽ, മുൻ എം.പി ടി.എൻ പ്രതാപൻ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ശാരി കിഷോർ എന്നിവർ ചേർന്ന് ഉപഹാര വിതരണം നിർവഹിച്ചു. വിളക്ക് കമ്മിറ്റി സാരഥികളായ ഒ.കെ.ആർ മണികണ്ഠൻ, വേണു നമ്പീശൻ, ബാലൻ വാറണാട്ട്, ടി.വി. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ആദര സമർപ്പണത്തിന് ശേഷം വാദ്യപ്രവീണൻ ഗുരുവായൂർ ജയപ്രകാശും യുവവാദ്യപ്രതിഭകളും ചേർന്ന് ഒന്നര മണിക്കൂർ നീണ്ടുനിന്ന തായമ്പക അവതരിപ്പിച്ച് വേദി കീഴടക്കി. വിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിനകത്ത് മേളം, തായമ്പക, നാദസ്വരം, എഴുന്നള്ളിപ്പ് തുടങ്ങിയ ആചാര-അനുഷ്ഠാന ചടങ്ങുകളും നടന്നു. ക്ഷേത്രത്തിനകത്ത് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് വാദ്യപ്രതിഭകളുമായി ഒത്തുചേർന്നു.
