ഗുരുവായൂർ: നവരാത്രി ആഘോഷങ്ങൾ പൂജവെയ്പ്പിലും കലാപരിപാടികളിലും ഒതുങ്ങാതെ ആത്മവിശ്വാസവും ആന്തരികശക്തിയും വളർത്തുന്ന സാധനയായി മാറണമെന്ന് കെ.പി ശശികല പറഞ്ഞു. സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഷിർദ്ദി സായി മന്ദിരത്തിൽ നടക്കുന്ന നവശക്തി മഹായജ്ഞത്തിന്റെ ഏഴാം ദിന ആത്മീയസദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. ഏഴാം ദിനത്തിൽ കാലരാത്രി ദേവീസങ്കൽപ്പത്തിൽ 27 ഹോമകുണ്ഡങ്ങളിലായി വിശേഷാൽ ദുർഗാസപ്തശതി ഹോമം നടന്നു. യജ്ഞാചാര്യൻ പഴങ്ങാപറമ്പ് നന്ദകുമാർ നമ്പൂതിരി കാർമികത്വം വഹിച്ചു. ദിവസവും 108 ഭക്തർക്ക് സൗജന്യമായി ഹോമത്തിൽ നേരിട്ട് പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. മഹായജ്ഞത്തിന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സായി സഞ്ജീവനി വിദ്യാർത്ഥികളുടെ ഓട്ടൻതുള്ളൽ അരങ്ങേറ്റം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണലൂർ ഗോപിനാഥിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ സായി ലക്ഷ്മി മേനോൻ, സായിശ്രീ മേനോൻ, നവ്യ പ്രേമൻ, ആർദ്ര എം. ആനന്ദ് എന്നിവർ ചേർന്ന് ‘രാമാനുചരിതം’ കഥ അവതരിപ്പിച്ചു. ബബിൽ ഗോപിനാഥ് മൃദംഗത്തിലും കലാമണ്ഡലം ജിനേഷ് ഇടയ്ക്കയിലും മണലൂർ ഗോപിനാഥ് പിൻപാട്ടിലും അകമ്പടിയേകി. വന്ദന അണിയറയിൽ പ്രവർത്തിച്ചു. ചടങ്ങിൽ തിരുപ്പതിയിൽ പരിപാടി അവതരിപ്പിച്ച ശ്രീഭാരത കലാക്ഷേത്രയിലെ കലാകാരന്മാരെ ആദരിച്ചു. മടയിക്കോണം ഭജനസമിതിയുടെ ഭജനസന്ധ്യയും അരങ്ങേറി. എക്സിക്യൂട്ടീവ് ട്രസ്റ്റീ അരുൺ നമ്പ്യാർ, സബിത രഞ്ജിത്, കെ.ആർ പ്രവീൽ എന്നിവർ സംസാരിച്ചു.
