ഗുരുവായൂർ: സൃഷ്ടിശക്തിയുടെയും ആത്മപ്രകാശത്തിന്റെയും പ്രതീകമായ കൂഷ്മാണ്ഡ ദേവിയെ ആവാഹിച്ച് ഗുരുവായൂർ ഷിർദ്ദി സായി മന്ദിരത്തിൽ നവശക്തി മഹായജ്ഞത്തിന്റെ നാലാം ദിനത്തിൽ വിശേഷാൽ സപ്തശതി ഹോമം നടന്നു. സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഹായജ്ഞത്തിൽ പഴങ്ങാപറമ്പ് നന്ദകുമാർ നമ്പൂതിരി യജ്ഞാചാര്യനായി കാർമികത്വം വഹിച്ചു. പൂജകളിലും ഹോമങ്ങളിലും സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന ധാരണകളെ മറികടന്ന് അമ്മമാർ യജ്ഞകാർമികരായി മാറുന്നത് ഭാരതീയ ദർശനത്തിന്റെ മഹത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ല ഉപാധ്യക്ഷൻ ഷാജി വരവൂർ പറഞ്ഞു. നവ ശക്തി ആത്മീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിക്കപ്പെടേണ്ട എന്തിനെയും അമ്മയായി കാണുന്ന മഹത്തായ സംസ്കാരമാണ് ഭാരതത്തിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുട്ടിനെക്കുറിച്ച് പരാതിപ്പെടുന്നതിനുപകരം ജീവിതത്തിൽ വെളിച്ചം സൃഷ്ടിക്കാൻ മനുഷ്യൻ തയ്യാറാകണമെന്ന് യജ്ഞസന്ദേശം നൽകിയ മൗനയോഗി സ്വാമി ഹരിനാരായണൻ പറഞ്ഞു. കൂഷ്മാണ്ഡ ദേവീ ആരാധന മനുഷ്യനിലെ സൃഷ്ടിശക്തിയെ ഉണർത്തുന്നതിന്റെ പ്രതീകമാണ്. സ്വന്തം കഴിവുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയും പ്രതീക്ഷയും സൃഷ്ടിക്കാൻ വിനിയോഗിക്കുമ്പോഴാണ് ആത്മീയത സാർത്ഥകമാകുന്നത്. ലോകം നമുക്ക് എന്തു നൽകി എന്നതിലല്ല, നമ്മിലൂടെ ലോകത്തിന് എന്തു നന്മ സംഭവിച്ചു എന്നതിലാണ് ജീവിതത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. മഹായജ്ഞത്തിന്റെ ഭാഗമായി 27 ഹോമകുണ്ഡങ്ങളിലായി ദിവസവും 108 ഭക്തർക്ക് സൗജന്യമായി ദുർഗാസപ്തശതി ഹോമത്തിൽ നേരിട്ട് പങ്കെടുക്കാൻ അവസരമുണ്ട്. കെ.ആർ പ്രവീൽ, സബിത രഞ്ജിത്, സതീഷ് ഗുരുവായൂർ, ദിലീപ്ജി എന്നിവർ നാലാം ദിന പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് മുല്ലത്തറ ഭജനസമിതിയുടെ ഭജനസന്ധ്യ അരങ്ങേറി.
