ഗുരുവായൂർ ദേവസ്വത്തിൻ്റെ സാമ്പത്തിക ഇടപാടുകളിലും ഓഡിറ്റിങ്ങിലും ഗുരുതര വീഴ്ചകളെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ പണമിടപാടുകളിലും സുതാര്യത ഉറപ്പാക്കുന്നതിൽ ദേവസ്വം പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു. കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ.
ഭൗതിക പരിശോധനയില്ല
സ്വർണം, വെള്ളി, വെങ്കല പാത്രങ്ങൾ, കുങ്കുമപ്പൂവ് ഉൾപ്പെടെയുള്ള ഭൗതിക സ്വത്തുക്കളുടെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ ദേവസ്വം അധികൃതർക്ക് വലിയ വീഴ്ചയുണ്ടായതായി ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഇത്തരം വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി പലയിടത്തും രജിസ്റ്ററുകൾ പോലുമില്ല. ഭക്തർ സമർപ്പിക്കുന്ന വഴിപാടുകളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കുകൾ കൃത്യമായി തിട്ടപ്പെടുത്താത്തത് വലിയ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. വാർഷിക അക്കൗണ്ടുകൾ സമർപ്പിക്കുന്നതിലടക്കം ഗുരുവായൂർ ദേവസ്വം വീഴ്ച വരുത്തിയെന്ന് ഓഡിറ്റ് വിഭാഗം വ്യക്തമാക്കി. 107 കോടി രൂപയുടെ നഷ്ടക്കണക്കും ഓഡിറ്റ് റിപ്പോർട്ടിലൂടെ കോടതി കണ്ടെത്തിയിട്ടുണ്ട്.
ഡിജിറ്റൽ സംവിധാനത്തിലെ പാളിച്ചകൾ
ക്യുആർ കോഡ് ഉൾപ്പെടെ വഴിപാട് ഇടപാടുകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും പണം കണക്കുകളിൽ വരാത്തത് ഗുരുതര വീഴ്ചയായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പണമിടപാടുകൾ കുറ്റമറ്റതാക്കുന്നതിൽ നിലവിലെ സംവിധാനം പൂർണമായും പരാജയപ്പെട്ടു. ഭരണപരമായ കാര്യങ്ങളിലും പ്രധാനപ്പെട്ട വഴിപാട് രസീതുകൾ ഉൾപ്പെടെയുള്ളവയിലും നിലവിൽ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ ലോഗിൻ വിവരങ്ങളോ പാസ്വേഡോ ഓഡിറ്റ് വിഭാഗത്തിന് കൈമാറാൻ അധികൃതർ തയാറായിട്ടില്ല. ഇതുമൂലം കൃത്യമായ പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിയമപ്രകാരം ദേവസ്വത്തിൽ കൺകറൻ്റ് ഓഡിറ്റ് നടത്തേണ്ടതുണ്ട്. എന്നാൽ ഇതിനായി ആവശ്യപ്പെടുന്ന പല രേഖകളും നൽകാൻ ദേവസ്വം അധികൃതർ തയാറാകുന്നില്ല. 2011-12 മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ എതിർപ്പുകൾ ഓഡിറ്റ് വകുപ്പ് ഉന്നയിച്ചിട്ടും അവയൊന്നും ഇതുവരെ തീർപ്പാക്കിയിട്ടില്ല.
സമിതിയെ നിയോഗിക്കാൻ നിർദേശം
മികച്ച ഭരണവും സുതാര്യതയും ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഭരണക്രമം ഗുരുവായൂരിൽ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിനായി സംസ്ഥാന ഇ-ഗവേണൻസ് വിഭാഗത്തെയോ സെൻട്രൽ മാനേജ്മെൻ്റ് ഡെവലപ്മെൻ്റിനെയോ ഉൾപ്പെടുത്തി ഒരു സമിതിയെ നിയോഗിച്ച് കാര്യങ്ങൾ പഠിക്കാൻ ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്ക് കോടതി നിർദേശം നൽകി. ശബരിമലയിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് സമാനമായ രീതിയിൽ കോടതിയുടെ നിർദേശം ലംഘിച്ച് ക്രമക്കേടുകൾ നടന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുവായൂരിലെയും കണക്കെടുപ്പിലെ വീഴ്ചകൾ പുറത്തുവരുന്നത്.
നാളെ നേരിട്ട് ഹാജരാകണം
സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ഓഡിറ്റിൻ്റെ നിലവിലെ സ്ഥിതി അറിയാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി സീനിയർ ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. ക്ഷേത്രത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം, പുതിയതായി ഏതെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിക്കണം. ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നാളത്തെ വാദത്തിന് ശേഷമായിരിക്കും കോടതി ഈ വിഷയത്തിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുക.
