പങ്കാളിയെക്കിട്ടുമെന്ന പ്രതീക്ഷയിൽ 3000 രൂപയടച്ച് വിവാഹബ്യൂറോയിൽ രജിസ്റ്റർചെയ്തു. ഒൻപതുവർഷം കഴിഞ്ഞിട്ടും നടപടിയാകാഞ്ഞതോടെ പണം തിരികെച്ചോദിച്ചു. കൊടുത്തതുമാത്രമല്ല, മനഃസമാധാനം പോയതിനുള്ളതും കിട്ടണം. 8000 രൂപ നഷ്ടപരിഹാരമായി കൊടുക്കണം എന്നുത്തരവിട്ട് ഉപഭോക്തൃഫോറം ആ നിരാശനായ അവിവാഹിതന്റെ കൂടെനിന്നതോടെ വിവാഹം ‘ആയിര’ങ്ങളുടെ പ്രശ്നമാണെന്നു തെളിഞ്ഞു.
സംഭവം ഇങ്ങനെ: 2016-ൽ നാൽപ്പതുവയസ്സുകാരൻ ഒന്നു വിവാഹം കഴിച്ചാൽ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹബ്യൂറോയിൽ 3000 രൂപയടച്ച് രജിസ്റ്റർചെയ്യുന്നു. കാസർകോട്ട് പെൺകുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയിൽനിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല. യുവാവിന്റെ പിതാവിന് അർബുദമായിരുന്നു. മകന്റെ വിവാഹംകാണാൻ അദ്ദേഹം ഏറെ കൊതിച്ചു. ആ ആഗ്രഹം സാധിക്കാതെ കഴിഞ്ഞവർഷം മരിച്ചു. ഇതോടെ, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഉപഭോക്തൃഫോറത്തെ സമീപിച്ചു. മാനസികസമ്മർദത്തിന് 3000 രൂപയും വ്യവഹാരച്ചെലവായി 2000 രൂപയും നൽകാനാണ് ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടത്. എതിർകക്ഷിയായ വിവാഹബ്യൂറോ അധികൃതർ ഹാജരാകാത്ത സാഹചര്യത്തിൽ പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ അടിസ്ഥാനമാക്കി തുക നൽകാൻ ഉപഭോക്തൃഫോറം ഉത്തരവിടുകയായിരുന്നു.

