ഗുരുവായൂർ: ഗുരുവായൂർ നായർ സമാജത്തിന്റെ അഷ്ടമിരോഹിണി മഹോത്സവത്തിൽ പങ്കെടുക്കുന്ന നൃത്ത വിദ്യാർത്ഥികൾ ഗുരുവായൂരിലും മമ്മിയൂരിലും തുളസിപ്പൂവും മയിൽപീലിയും സമർപ്പിച്ച് പരിശീലനം ആരംഭിച്ചു. ഗോപിക നൃത്തം പരിശീലിപ്പിക്കുന്ന അധ്യാപകൻ സുനിൽ ഒരുമനയൂർ, ഉറിയടി അഭ്യസിപ്പിക്കുന്ന അധ്യാപിക ഐശ്വര്യ ലക്ഷ്മി, രാധാമാധവം നൃത്ത അധ്യാപിക പ്രിയ സുനിൽകുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് മയിൽപീലിയും തുളസിപ്പൂവും സ്വീകരിച്ച് മഹാദേവനെ സമർപ്പിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ ഏറ്റുവാങ്ങി. തുടർന്ന് നാമജപത്തോടെ കാൽനടയായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി വിദ്യാർത്ഥികൾ ഭഗവാന് മുന്നിൽ മയിൽപീലിയും തുളസിപ്പൂവും സമർപ്പിച്ചു. വി. അച്യുതകുറുപ്പ്, വാസുദേവ കുറുപ്പ്, ഗോകുൽ കോനാശേരി, കരിമ്പിൾ ജനാർദ്ദനൻ നായർ, ശ്രീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സമാജം ഓഫീസിൽ കുട്ടികൾ പരിശീലനം ആരംഭിച്ചു. സെപ്തംബർ നാലിനാണ് അഷ്ടമിരോഹിണി.

