✍️ കെ.എം അക്ബർ
തൃശൂർ: തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്. ജില്ലക്ക് സ്വന്തമായി ഒരു മന്ത്രി ഉണ്ടായിരിക്കെ, ഡി.സി.സിയുടെ ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രം മനഃപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. ജൂലൈ 11ന് തൃശൂർ ഡിസിസി ഓഫീസിൽ ദി കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് അനിൽ അക്കരക്കും ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻസ് ചെയർമാൻ എം.പി ജാക്സനും നൽകുന്ന സ്വീകരണ പരിപാടിയുടെ പ്രചരണ ബോർഡിൽ മന്ത്രി ഒ.ജെ ജനീഷിനെ ചിത്രം ഒഴിവാക്കിയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുള്ളത്. ഇത് സാധാരണയായുള്ള ഒഴിവാക്കലല്ലെന്നും വ്യക്തമായ രാഷ്ട്രീയ അവഗണനയാണെന്നാണ് വിമർശനം. ഡിസിസി ഓഫീസിനു മുന്നിൽ സ്ഥാപിച്ച ബോർഡിൽ അനിൽ അക്കരക്കും എം.പി ജാക്സനും പുറമെ മുഖ്യമന്ത്രി വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫ്, നേതാക്കളായ വി എം സുധീരൻ, ടി.എൻ പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് എന്നിവരുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നും ജില്ലയിലെ ഏക മന്ത്രിയായ ജനീഷിനെ മാറ്റിനിർത്തിയതാണ് പ്രവർത്തകരിൽ നീരസമുണ്ടാക്കിയത്. സ്വന്തം പാർട്ടിയുടെ മന്ത്രിയെ പോലും ഔദ്യോഗിക വേദികളിൽ അംഗീകരിക്കാൻ നേതൃത്വം തയ്യാറാകാത്തത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് രാഷ്ട്രീയവും പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് ഇത്തരം നടപടികളെന്ന് ഡിസിസി നേതാക്കളിലൊരാൾ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾ പാർട്ടിയെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും ഇനി ഇത്തരം രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്നുമാണ് പ്രവർത്തകരുടെ പക്ഷം. ഈ വിഷയത്തിൽ ഡി.സി.സി. നേതൃത്വം പരസ്യമായി വിശദീകരണം നൽകണമെന്നും മന്ത്രിയുടെ ചിത്രം ഒഴിവാക്കാൻ കാരണമായ സാഹചര്യം പ്രവർത്തകരോടും പൊതുസമൂഹത്തോടും തുറന്ന് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ കോൺഗ്രസിന്റെ ആഭ്യന്തര ഗ്രൂപ്പ് രാഷ്ട്രീയത്തെ വീണ്ടും ചർച്ചയാക്കി പാർട്ടി എതിരാളികൾക്ക് രാഷ്ട്രീയ ആയുധം നൽകുന്ന സാഹചര്യം സൃഷ്ടിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഒട്ടേറെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

