Monday, September 28, 2026

എംബാപ്പെയുടെ ചിറകിലേറി ഫ്രാൻസ്; ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐ മത്സരത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് റൗണ്ട് ഓഫ് 32ൽ പ്രവേശിച്ചു. ഇടിമിന്നലും കനത്ത മഴയും കാരണം രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ട മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന് അനായാസ ജയം സമ്മാനിച്ചത്. ഔസ്മാൻ ഡെംബെലെയാണ് മൂന്നാം ഗോൾ നേടിയത്.

ദേശീയ കുപ്പായത്തിൽ തന്റെ നൂറാം മത്സരത്തിനിറങ്ങിയ കിലിയൻ എംബാപ്പെ ചരിത്ര നേട്ടം ഇരട്ട ഗോളുകളോടെയാണ് ആഘോഷിച്ചത്. യൂറോപ്പിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് എംബാപ്പെ. മത്സരത്തിന്റെ 14-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്നായിരുന്നു എംബാപ്പെയുടെ ആദ്യ ഗോൾ. ഒലീസെയുമായി പന്ത് കൈമാറി പെനാൽറ്റി ബോക്‌സിന്റെ വലത് കോണിൽ നിന്നുള്ള ഒരു കിടിലൻ സ്ട്രൈക്കിലൂടെ താരം ഇറാഖ് വല കുലുക്കി.

തുടർന്ന് ഫിലാഡെൽഫിയ നഗരത്തിൽ കനത്ത മഴയും ഇടിമിന്നലും വില്ലനായതോടെ മത്സരം നിർത്തിവെക്കേണ്ടി വന്നു. 130 മിനിറ്റോളം നീണ്ട ഇടവേളയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോഴും ഫ്രഞ്ച് ആധിപത്യത്തിന് കോട്ടമൊന്നും സംഭവിച്ചില്ല.

രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ഇറാഖ് പ്രതിരോധത്തിൽ വന്ന പിഴവ് മുതലെടുത്താണ് എംബാപ്പെ തന്റെ രണ്ടാം ഗോൾ നേടിയത്. ഇറാഖ് ഗോൾകീപ്പർ അഹമ്മദ് ഫാദിലിന് പന്ത് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പന്ത് ലഭിച്ച ഡെംബെലെ അത് എംബാപ്പെയ്ക്ക് കൈമാറുകയും താരം അനായാസം ലക്ഷ്യം കാണുകയുമായിരുന്നു. ഈ ലോകകപ്പ് ടൂർണമെന്റിൽ താരത്തിന്റെ നാലാം ഗോളാണിത്. തുടർന്ന് 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പാസ് ഔസ്മാൻ ഡെംബെലെ കൂടി വലയിലെത്തിച്ചതോടെ ഫ്രാൻസ് പട്ടിക പൂർത്തിയാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments