Saturday, June 20, 2026

ഏങ്ങണ്ടിയൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം;  ഒരാൾ അറസ്റ്റിൽ

ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ‘അക്ഷയ ഫൈനാൻസിയേഴ്സ്’ എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി.  തലോർ സ്വദേശി എടക്കുന്നി വീട്ടിൽ  അഖിൽ (27) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അഖിലും  വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ  റൗഡിയുമായ തൃത്തല്ലൂർ സ്വദേശി മാളൂത്ര വീട്ടിൽ സിദ്ധന്റെ മകൻ രഘു (41) എന്നയാളും ചേർന്ന് ആസൂത്രിതമായി അക്ഷയ ഫൈനാൻസിലെത്തി 7.8 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ട വളകൾ യഥാർത്ഥ സ്വർണ്ണമാണെന്ന് ധരിപ്പിച്ചു പണയം വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ പണ്ടം കാണിച്ച് സ്ഥാപനത്തിൽ നിന്നും 76,000 രൂപ തട്ടിയെടുക്കാനായിരുന്നു ഇവരുടെ ശ്രമം. സ്ഥാപനത്തിന്റെ പാർട്ണറും ഗോൾഡ് അപ്രൈസറുമായ ഏങ്ങണ്ടിയൂർ വില്ലേജ് അഞ്ചാംകല്ല് സ്വദേശി മാട്ടുമ്മൽ വീട്ടിൽ  സത്യകാമൻ (56) എന്നയാൾ ആഭരണങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നുകയും, ഇത് മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. ഇതോടെ ഒന്നാം പ്രതിയായ രഘു സ്ഥാപനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ രണ്ടാം പ്രതിയായ അഖിലിനെ ഫിനാൻസ് ഉടമയും ജീവനക്കാരും ചേർന്ന് തടഞ്ഞുവെക്കുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. രഘുവിനെ പിടികൂടുന്നതിനായി ഊർജ്ജിതമായ അന്വേഷണം നടന്ന് വരികയാണ്. അഖിൽ നെടുപുഴ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത മൂന്ന് കേസുകളിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ഗോകുൽ, ജി എസ് ഐ മാരായ രഘുനാഥ്, മുഹമ്മദ് റാഫി, അരുൺ, ജി എസ് സി പി ഒ മഹേഷ്, സി പി ഒ മാരായ സുജിത്ത്, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments