Saturday, June 6, 2026

‘വിദ്യാലയങ്ങളെ ബി.ജെ.പി രാഷ്ട്രീയ പ്രചാരണവേദികളാക്കുന്നു’- എസ്ഡിപിഐ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എച്ച് ഷാജഹാൻ

​ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിന്റെ മറവിൽ വിദ്യാലയങ്ങളിൽ നിയമലംഘനം നടത്തി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ പ്രചാരണ വേദിയാക്കുകയാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് കെ. എച്ച് ഷാജഹാൻ ആരോപിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പങ്കെടുപ്പിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ബി.ജെ.പി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ​ബി.ജെ.പി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുത്ത ഈ രാഷ്ട്രീയ പരിപാടിക്ക് വിദ്യാലയ മുറ്റം വിട്ടുനൽകിയ സംഭവം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ വേദികളായി മാറുന്നത് ആശങ്കാജനകമാണ്. സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉപാധികളാക്കുന്ന പ്രവണത ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.​ഇത്തരമൊരു രാഷ്ട്രീയ പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിക്കാൻ അനുമതി നൽകിയ സാഹചര്യവും അതിന് പിന്നിലെ തീരുമാനങ്ങളും സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികാരികളും പൊതുസമൂഹത്തോട് വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറാകണം. ​വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ഏത് ശ്രമത്തെയും പൊതുസമൂഹം ജാഗ്രതയോടെ കാണണമെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും കെ.എച്ച് ഷാജഹാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments