ചാലക്കുടി: ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ മാല മോഷ്ടാവിനെ സാഹസികമായി പിടികൂടി പ്രൊബേഷൻ എസ്.ഐയുടെ ‘മാസ്’ എൻട്രി. കൊരട്ടി പ്രൊബേഷൻ എസ്.ഐ അരുൺകുമാറാണ് ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകമാണ് സ്വർണ്ണ മാല കവർച്ച നടത്തിയ പ്രതിയെ സാഹസികമായി പിടികൂടിയത്. മണ്ണുത്തി നെട്ടിശ്ശേരിയിൽ പലചരക്ക് കടയുടമയായ സ്ത്രീയുടെ മാല കവർന്ന സംഭവത്തിലാണ് രാമവർമ്മ പുരം വില്ലടം സ്വദേശി റിജോ വിൽസൻ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. ജയശ്രീയുടെ കഴുത്തിൽ നിന്നും നാല് പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തിയ വിൽസൺ പൊട്ടിച്ചെടുത്തത്. ബഹളം കേട്ട പരിസരവാസികൾ വിവരം പോലീസിനെ അറിയിച്ചു. ഉടൻ തന്നെ മണ്ണുത്തി പോലീസ്, വയർലെസ് വഴി വിവരം തൃശ്ശൂർ റൂറൽ പോലീസിന് കൈമാറി. സന്ദേശം ലഭിച്ചയുടൻ കൊരട്ടി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രൊബേഷൻ എസ്.ഐ അരുൺകുമാർ, മണ്ണുത്തി പോലീസുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ചും ബൈക്കിനെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കൊരട്ടിയിൽ വാഹനപരിശോധന ആരംഭിച്ചു. ഇതിനിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്കിനെ പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച നടത്തിയത് റിജോ വിൽസനാണെന്ന് മനസിലായി. തുടർന്ന് പ്രതിയെ മണ്ണുത്തി പോലീസിന് കൈമാറി. വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അഭിനന്ദിച്ചു. മികവുറ്റ രീതിയിൽ കൃത്യനിർവഹണം നടത്തിയ പ്രൊബേഷൻ എസ്.ഐ അരുൺകുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, ആന്റണി ജിതിൻ, കെ.എ.പി സി.പി.ഒ ഗോകുൽ എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡും പ്രശംസാ പത്രവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നുച്ചക്ക് രണ്ടുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

