Saturday, April 25, 2026

ഗുരുവായൂരിൽ ആശങ്ക പരത്താൻ ശ്രമം; വസ്തുതാ വിരുദ്ധമായ റിപ്പോർട്ടുകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി: ഗുരുവായൂർ ദേവസ്വം  ചെയർമാൻ


ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന നിലയിൽ ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന  പ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ ഭക്തരിൽ ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണിതെന്ന്അദ്ദേഹം അറിയിച്ചു.

ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ  കേരള പോലീസിൻ്റെ യന്ത്ര തോക്കേന്തിയ ദ്രുത കർമ്മ സേനയും രഹസ്യാന്വേഷണ വിഭാഗങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഐ.ബി ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ 24 മണിക്കൂർ നിരീക്ഷണം ഉണ്ട്. പോലീസിൻ്റെ ശക്തമായ സാന്നിധ്യം രാവും പകലുമുണ്ട്.

ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന കശ്മീരി സ്വദേശിയെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ വിശദമായി ചോദ്യം ചെയ്തിരുന്നു. കശ്മീരിൽ നിന്നും ഇദ്ദേഹത്തെ കാണാതായതിനെക്കുറിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ കശ്മീർ പോലീസ്  മാൻ മിസിങ്ങ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിവരം പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. പാഞ്ചജന്യം റസ്റ്റ് ഹൗസിൽ ഭീകരൻ താമസിച്ചിരുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. 2017ൽ തന്നെ ഈ കള്ള പ്രചാരണം പോലീസ് തള്ളിയതാണ്. വസ്തുത ഇതായിരിക്കെ ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഗുരുവായൂരിൽ ഭീകര സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത് സത്യവിരുദ്ധമാണ്.  മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഐ.ബി അടക്കമുള്ള ഏജൻസികളുടെ നിതാന്തമായ സാന്നിധ്യത്തെയും ശക്തമായ പ്രവർത്തനത്തെയും വില കുറച്ച് കാണാനുള്ള ശ്രമമാണ്. 

      സമൂഹത്തിൽ ആശങ്ക പരത്തി സ്പർധ സൃഷ്ടിക്കാനും പ്രദേശത്തെ സമാധാന ജീവിതം തകർക്കാനും ഗുരുവായൂരിൽ നിന്ന് ഭക്തരെ അകറ്റാനുള്ള ഗൂഢലക്ഷ്യവും.ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതിന് പിന്നിലുണ്ട്. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യവും പിന്നിലുണ്ട്. രാജ്യത്തിൻ്റെ ഐക്യത്തെയും അഖണ്ഡതയ്ക്കും തുരങ്കം വെക്കുന്ന ഭീകര സാന്നിധ്യത്തെക്കുറിച്ച് തെളിവ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവർത്തകർ അക്കാര്യം അന്വേഷണ ഏജൻസികളെ അറിയിച്ച് നടപടിയെടുക്കുകയാണ് വേണ്ടത്. ഭീകര സാന്നിധ്യമുണെന്ന് റിപ്പോർട്ട് ചെയ്ത  മാധ്യമപ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച്  ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ആവശ്യപ്പെട്ടു.

സത്യവിരുദ്ധമായ  വാർത്തകൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെയും ലേഖകർക്കെതിരെയും സിവിൽ- ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കാൻ ദേവസ്വം നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം ഗുരുവായൂരിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കുവാൻ ചെയർമാനും  ഭരണസമിതിയും പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments