Friday, April 3, 2026

‘കേരളത്തിൽനിന്ന് ആരെയും പുറത്താക്കാനാകില്ല, അതിനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നത്’- പിണറായി വിജയൻ

കോഴിക്കോട്: കേരളത്തിൽനിന്ന് ആരേയും പുറത്താക്കാൻ ഒരാൾക്കും കഴിയില്ലെന്നും ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാർഡ് സംസ്ഥാന സർക്കാർ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പിറണായി വിജയൻ. നാട്ടിൽ ഒരുവിഭാഗം ആശങ്കയിൽ കഴിയാൻ പാടില്ലെന്നും എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വഭേദഗതി നിയമം ഞങ്ങൾ ഈ നാട്ടിൽ നടപ്പാക്കില്ലെന്ന് പറഞ്ഞത് കേരളവും സംസ്ഥാന സർക്കാരും മാത്രമാണ്. ഇടതുപക്ഷം ഈ നാട്ടിൽ ഉള്ളതുകൊണ്ടല്ലേ അത് സാധിച്ചത്. എന്നാൽ, രാജ്യത്തൊരു നിയമംവന്നാൽ നടപ്പാക്കാൻ കഴിയില്ലെന്ന് നിങ്ങൾ എങ്ങനെ പറയും എന്നായിരുന്നു അന്ന് ഞങ്ങളോട് ചിലർ ചോദിച്ചത്. നടപ്പാക്കില്ലെന്ന് പറഞ്ഞാൽ അതിനർഥം നടപ്പാക്കില്ലെന്നു തന്നെയാണെന്ന് അക്കൂട്ടരോട് ഞങ്ങൾ പറഞ്ഞു. അന്ന് സംശയം പ്രകടിപ്പിച്ചവർക്ക് ഇന്ന് ആ സംശയം ഉണ്ടോ, നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. കാരണം നമ്മുടെ മണ്ണിൽ പിറന്ന മക്കൾ നമ്മുടെ നാടിന്റെ സന്തതികളാണ്. അവർ ഈ നാടിന്റെ അവകാശികളാണ്. അവരുടെ അവകാശം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നത്.

നിങ്ങളാരാണ് എന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി, ഇതാ തെളിവ്, സംസ്ഥാനം നൽകിയ നേറ്റിവിറ്റി കാർഡ് എന്ന് പറയാം. ഒരാൾക്കും ആരേയും ഇവിടുന്ന് പുറത്താക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ഒരുവിഭാഗം ആശങ്കയിൽ കഴിയാൻ പാടില്ല. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണം. എന്നാൽ, കോൺഗ്രസും മുസ്ലീം ലീഗും നേറ്റിവിറ്റി കാർഡിനെ സ്വാഗതം ചെയ്യാൻ തയ്യാറായില്ല. ഇവർക്ക് ബിജെപിയെ ഭയമാണോ. ഇടതുപക്ഷത്തിന് അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, പിണറായി വ്യക്തമാക്കി. പത്തുവർഷത്തിനുള്ളിൽ കേരളത്തിലുണ്ടായ വികസനങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ അദ്ദേഹം, ഈ വികസനത്തിൽ കേന്ദ്രസർക്കാർ ഒരുപങ്കും വഹിച്ചില്ലെന്ന് വിമർശിച്ചു. പ്രളയം ഉൾപ്പെടെ കേരളം നേരിട്ട പല പ്രതിസന്ധികളിലും നമുക്ക് സഹായം വേണമായിരുന്നു. എന്നാൽ, കേന്ദ്രം സഹായിച്ചില്ല. ലോകരാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാമെന്ന് പറഞ്ഞു. എന്നാൽ, അതിനും കേന്ദ്രം അനുമതി നൽകിയില്ല. വയനാട് ദുരന്തത്തിലും ഇതേ അവഗണന കേരളം നേരിട്ടു. നിങ്ങൾ അങ്ങനെ മെച്ചപ്പെടേണ്ട എന്നാണ് കേന്ദ്രസർക്കാരിന്റെ നയം. ഇവിടെയാണ് രാഷ്ട്രീയം. കേരളം ബിജെപിയേയും ആർഎസ്എസിനേയും സ്വീകരിക്കുന്നില്ല. അതിനാൽ കേരളത്തോട് വിദ്വേഷവും പകയുമാണ്. കേരളം തകരട്ടെയെന്നാണ് നിലപാട്. കേന്ദ്രത്തെ തള്ളിപ്പറയാൻ യുഡിഎഫും കോൺഗ്രസും തയ്യാറായില്ല. ഇവരും ആഗ്രഹിച്ചത് നാട് തകരട്ടെയെന്നാണെന്നും എന്നാൽ, നാട് അതിജീവിച്ചപ്പോൾ ലോകം മുഴുവൻ അത്ഭുതപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷം നിയസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജനങ്ങളെ തങ്ങൾ വിശ്വസിച്ചെന്നും ജനങ്ങൾ തങ്ങളേയും വിശ്വിസിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments