ചാവക്കാട്: വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ഫോറൻസിക് വിഭാഗത്തിൻ്റേതാണ് തീരുമാനം. കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. എടക്കഴിയൂർ കല്ലുവളപ്പിൽ വീട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37)യാണ് വ്യാഴാഴ്ച മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ജനുവരി ആറിന് മുഹ്സീന വീട്ടിൽ വെച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ജനുവരി 10ന് കുഞ്ഞ് മരിച്ചു. കുഞ്ഞിന് പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല.
ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ചാവക്കാട് നഗരത്തിൽ അക്യുപങ്ചർ ചികിത്സ നടത്തുന്ന മറ്റൊരു യുവതിയാണ് മുഹസിനക്ക് അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

