Wednesday, May 6, 2026

പുതുവർഷത്തിൽ അകലാട് മൂന്നൈനി നായാടി ഉന്നതിക്ക് പുത്തൻ സ്വപ്നങ്ങൾ നൽകി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം

ചാവക്കാട്: പുന്നയൂർ അകലാട് മുന്നൈനി നായാടി ഉന്നതിക്ക് ഈ പുതുവർഷം പ്രതീക്ഷകളുടെയും സ്വപ്നസാഫല്യത്തിന്റേതുമായി. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ 16-ാം വാർഷികത്തിന് ആതിഥ്യമരുളിയ ഗ്രാമം പുതുവർഷത്തിലേക്കു കണ്ണുതുറന്നത് ചിരകാലാഭിലാഷ പൂർത്തീകരണങ്ങളിലേക്കാണ്. രാവിലെ ഒമ്പതു മണിക്ക് അകലാട് മൂന്നൈനി നായാടി ഉന്നതിയിൽ എത്തിയ രമേശ് ചെന്നിത്തലയെ ഗ്രാമവാസികൾ പാരമ്പര്യരീതിയിൽ എതിരേറ്റു. മുതിർന്ന അംഗമായ യശോദാമ്മ ചെന്നിത്തലയെ സ്വീകരിച്ചു. തുടർന്ന് ഗ്രാമവാസികൾ പാരമ്പര്യ കലാരൂപങ്ങളടങ്ങിയ ഘോഷയാത്രയോടെ അദ്ദേഹത്തെ ഗ്രാമത്തിലേക്ക് ആനയിച്ചു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ യശോദാമ്മ വിളക്കു കൊളുത്തിയതോടെ ഗാന്ധിഗ്രാമം പതിനാറാം വാർഷിക പരിപാടികൾക്കു തുടക്കമായി. തുടർന്ന് ഗ്രാമവാസികൾക്കൊപ്പം പ്രഭാത ഭക്ഷണം. ഗ്രാമവാസികളുടെ ചിരകാല സ്വപ്നങ്ങളിലൊന്നായ കമ്യൂണിറ്റി സെന്റർ എന്ന ആവശ്യം ഗ്രാമവാസികൾ ഉയർത്തിയതോടെ വേദിയിൽവെച്ചുതന്നെ ചെന്നിത്തല ജെബി മേത്തർ എം.പിയെ വിളിക്കുകയും കമ്യൂണിറ്റി സെന്റർ നിർമാണത്തിനായി 25 ലക്ഷം രൂപ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിക്കാമെന്ന് ജെബി ഉറപ്പ് നൽകുകയും ചെയ്തു. സ്വന്തമായി വീടില്ലാത്ത മിനി ദുഷ്യന്തന് ഗാന്ധിഗ്രാമത്തിന്റെ ഫണ്ടിൽനിന്ന് വീടുവെച്ചുകൊടുക്കും. ആദിത്യയ്ക്ക് വീൽചെയർ വാങ്ങി നൽകാനും ശാന്തിഗിരിയിൽ തുടർചികിത്സയ്ക്കു സംവിധാനമൊരുക്കാനും തീരുമാനമായി. ഹൃദ്രോഗ ബാധിതയായ സന്ദ്യയ്ക്ക് അമൃതകീർത്തിയിൽ സൗജന്യമായി ബൈപാസ് ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഇവിടെ മിക്ക വീടുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അതിനുവേണ്ട അറ്റകുറ്റപ്പണികൾ ഗാന്ധിഗ്രാമം പദ്ധതിയിൽനിന്ന് നടത്തിക്കൊടുക്കും. ഇതിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതിന് സബ് കമ്മിറ്റി രൂപവത്കരിച്ചു. കുലത്തൊഴിലിന് വേണ്ട സാധനസാമഗ്രികൾ നിർമിക്കുന്നതിന് സഹായധനമായി കോളനിനിവാസിയായ അനന്തന് 10,000 രൂപ അനുവദിച്ചു. ഉന്നതിയിലെ പത്ത് വിദ്യാർഥികൾക്ക് സൈക്കിൾ വാങ്ങി നൽകാൻ തീരുമാനമായി. വിദ്യാർഥികളായ വിഥു, ആദർശ്, രാധിക എന്നിവർക്ക് ലാപ്ടോപ്പുകൾ വാങ്ങിനൽകും. ഉന്നതി നിവാസികൾക്കായി അമൃത ആശുപത്രിയുടെ ഒരു സമ്പൂർണ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനമായി. ഗ്രാമത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സഹായധനമായി 2,000 രൂപ വീതം അനുവദിച്ചു. പുരുഷന്മാർക്ക് ബാലരാമപുരം കൈത്തറി മുണ്ടുകളും സ്ത്രീകൾക്ക് സെറ്റ് സാരികളും സമ്മാനിച്ചു. ഇതുകൂടാതെ വീടൊന്നിന് രണ്ടുവീതം കിടക്കവിരികളും തലയണയും ഗാന്ധിഗ്രാമത്തിന്റെ സമ്മാനമായി നൽകി. ഉന്നതിയിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. വേണ്ടതു ചെയ്യാമെന്നുറപ്പ് നൽകി. ഗ്രാമത്തിൽ കുടിവെള്ളം ലഭിക്കാത്ത അവസ്ഥ ഉന്നതി നിവാസികൾ രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തി. കറന്റ് ബിൽ കുടിശ്ശിക മൂലം വൈദ്യുതി വിച്‌ഛേദിച്ചതുമൂലമാണ് ഇത്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാമെന്നുറപ്പ് അദ്ദേഹം നൽകി. ഉച്ചയ്ക്ക് ഗ്രാമവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ചെന്നിത്തല അതിനുശേഷം അവരുടെ കലാപരിപാടികളും കണ്ട് ആസ്വദിച്ചശേഷം ഏതാണ്ട് നാലു മണിയോടെയാണ് മടങ്ങിയത്. ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച പ്രത്യേക പരിപാടികളുമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments