ചാവക്കാട്: ചാവക്കാട് നഗരസഭ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5.50 കോടി രൂപക്ക് പുതുക്കിയ ഭരണാനുമതിയായതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ചാവക്കാട് മുനിസിപ്പാലിറ്റി ഓഫീസിന് പുതിയ കെട്ടിടം പണിയുന്നതിന് എന്‍.കെ അക്ബർ എം.എൽ.എയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് നിരക്കില്‍ വര്‍ദ്ധന വന്നതിനാല്‍ 5 കോടി 50 ലക്ഷം രൂപയായി നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചു. ഇതോടെ പുതുക്കിയ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവാകുകയായിരുന്നു. 13,109.13 ചതുരശ്ര അടിയിലാണ് പുതിയ നഗരസഭ ഓഫീസ് നിര്‍മ്മിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്ലാന്‍ എസ്റ്റിമേറ്റ് തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. 8216.76 ചതുരശ്ര അടിയുള്ള താഴത്തെ നിലയിലാണ് പ്രധാന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. കെട്ടിടത്തിൽ 17 കാർ പാർക്കിംഗ് സ്ഥലങ്ങളും, 1 ഭിന്നശേഷിക്കാർക്കായുള്ള പാർക്കിംഗും, ഇരുചക്ര വാഹന പാർക്കിംഗ് ഏരിയയും ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റുകളും, 2 സ്റ്റാഫ് WC-കളും സജ്ജീകരിച്ചിട്ടുണ്ട്. നിലകൾ തിരിച്ചുള്ള പ്രവർത്തനങ്ങളിൽ റിസപ്ഷൻ ഡെസ്‌ക്, വെയ്റ്റിംഗ് ഏരിയ, 68 സീറ്റുകളുള്ള കൗൺസിൽ ഹാൾ, ഫീഡിംഗ് റൂം, ജനറൽ സെക്ഷൻ ഓഫീസ് (12 സ്റ്റാഫ്), റവന്യൂ സെക്ഷൻ ഓഫീസ് (12 സ്റ്റാഫ്) എന്നിവ പ്രധാന മുറികളാണ്. കൂടാതെ ലിഫ്റ്റും ജീവനക്കാര്‍ക്കും പൊതുജനങ്ങൾക്കും പ്രത്യേകമായുള്ള കഫറ്റീരിയ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാവക്കാട് മിനി സിവില്‍സ്റ്റേഷന് എതിര്‍വശത്താണ് നഗരസഭക്ക് പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്.

