Friday, September 20, 2024

കൊവിഡ്‌ രോഗിയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച സംഭവം: ആംബുലൻസ് ഡ്രൈവറെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ്‌ രോഗിയെ കനിവ് 108 ആംബുലൻസിന് ഉള്ളിൽ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ നൗഫലിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.  ഇയാളെ ജോലിയിൽ നിന്ന് നേരത്തെ പിരിച്ചുവിട്ടിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെ പിപിഇ കിറ്റ് ധരിപ്പിച്ചാണ് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇതിന് ശേഷം പ്രതിയുമായി പൊലീസ് സംഘം വേഗം മടങ്ങുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ട് പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അടൂർ വടക്കടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു നൗഫലിന്‍റെ ആംബുലൻസ്. പീഡനത്തിനിരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിർദേശം. അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം.

സംഭവം കഴിഞ്ഞ്  പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് രോഗികളുമായി പോകുന്ന വാഹനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണമെന്ന നിർദ്ദേശം പാലിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ ഒറ്റക്ക് രണ്ട് സ്ത്രീകളുമായി ചികിത്സ കേന്ദ്രത്തിലേക്ക് പോയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments